പ്രതിപക്ഷം മനപ്പൂര്‍വം പ്രശ്നമുണ്ടാക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ് മോശമാണെന്ന് വരുത്തിത്തീര്‍ക്കാര്‍ പ്രതിപക്ഷം മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാര്‍ച്ച് 10 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചേര്‍ന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. പരീക്ഷ നടത്തിപ്പ് കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. ചോദ്യപേപ്പറുകള്‍ ചോരാനുള്ള ഒരു സാധ്യതയുമില്ലാത്ത വിധം എല്ലാ പഴുതുകളും അടച്ചാണ് ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
ഇല്ലാത്ത പ്രശ്നമുണ്ടാക്കി വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അക്രമസമരത്തിന് സിപിഎം നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണ്.
ചോദ്യപേപ്പര്‍ അച്ചടിക്കുന്ന പ്രസില്‍ നിന്നും അവ പരീക്ഷാഭവനില്‍ എത്തിക്കേണ്ട ചുമതല പ്രസുകാര്‍ക്കാണ്. പരീക്ഷാഭവനില്‍ നിന്നും വേര്‍തിരിച്ച് ഓരോ ജില്ലകളിലേക്കും അതാത് കേന്ദ്രങ്ങളിലേക്കും അയയ്ക്കും. ഇവിടെയൊന്നും ചോദ്യപേപ്പര്‍ ചോരാനുള്ള ഒരു സാധ്യതയുമില്ല.
കഴിഞ്ഞ വര്‍ഷം ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാനടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശികള്‍ പ്രകാരം പുതിയ പരിഷ്ക്കരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications