കുമാരസ്വാമിയുടെ ഭാര്യ ടിവി ചാനല്‍ തുടങ്ങുന്നു
ബാംഗ്ലൂര്‍: രാഷ്ട്രീയനേതാക്കള്‍ ടിവി ചാനല്‍ തുടങ്ങുന്ന തമിഴ്നാട്ടിലെ പ്രവണത കര്‍ണാടകത്തിലേക്കും. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമ്ി കന്നഡത്തില്‍ പുതിയൊരു ടിവി ചാനല്‍ തുടങ്ങുന്നു.
കന്നഡത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലിനാണ് അനിത കുമാരസ്വാമി മാനേജിംഗ് ഡയറക്ടറായ ഗ്രൂപ്പ് തുടക്കമിടുന്നത്. കന്നഡ കസ്തൂരി എന്ന പേരിലുള്ള ചാനല്‍ ഉഗാദിക്കു ശേഷം സംപ്രേഷണം ആരംഭിക്കും.
വാര്‍ത്താചാനലായിട്ടാണ് തുടങ്ങുന്നതെങ്കിലും വിനോദപരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് പിന്നീട് ചാനലിന്റെ മുഖഛായ മാറ്റും. കുമാരസ്വാമി തന്നെയാണ് ചാനലിന്റെ പ്രധാനശില്പിയെന്നാണ് അറിയുന്നത്.
ഒരു വാര്‍ത്താ ചാനല്‍ തുടങ്ങുകയെന്നത് കഴിഞ്ഞ ഒന്നര വര്‍ഷമായി കുമാരസ്വാമിയുടെയും അനിതയുടെയും സ്വപ്നമായിരുന്നുവെന്നും ധരംസിംഗ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്നും ജനതാദള്‍ (എസ്) വക്താവ് വൈ.എസ്.വി.ദത്ത പറഞ്ഞു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് സിനിമാ വിതരണക്കാരനായിരുന്ന കുമാരസ്വാമി അഞ്ച് കന്നഡ സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യകണ്ണിയാണെങ്കിലും കുമാരസ്വാമിക്ക് ചാനലില്‍ ഓഹരികളില്ല.












Click it and Unblock the Notifications