വി.എസ് പ്രശ്നം: അന്തിമതീരുമാനം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അന്തിമരൂപം നല്‍കാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വ്യാഴാഴ്ച തുടരും. വി.എസ്.അച്യുതാനന്ദനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്മേല്‍ സംസ്ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനം വ്യാഴാഴ്ചയുണ്ടാകും.
വി.എസിന് സീറ്റ് നല്‍കേണ്ടതില്ലെന്ന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ ബുധനാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. ഔദ്യോഗിക പക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആദ്യദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത 17 പേരില്‍ 14 പേരും വി.എസിന് അനുകൂലമായാണ് സംസാരിച്ചത്.
സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച തുടങ്ങിവച്ച സിപിഎം ജില്ലാ സെക്രട്ടറിയും പിണറായി പക്ഷക്കാരനുമായ എം.വിജയകുമാര്‍ സെക്രട്ടറിയേറ്റ് തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് സംസാരിച്ച അംഗങ്ങളില്‍ മിക്കവരും വി.എസിനെ ഒഴിവാക്കാനുള്ള തീരുമാനം അപകടം ചെയ്യുമെന്ന നിലപാടാണ് കൈകൊണ്ടത്.
സംസ്ഥാന കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായമറിഞ്ഞതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ വ്യാഴാഴ്ച അന്തിമതീരുമാനമെടുക്കുന്നത്. വി.എസ് പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നതിനായി യോഗത്തില്‍ വോട്ടെടുപ്പ് ഉണ്ടാവുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് യോഗം തുടരുന്നത്.












Click it and Unblock the Notifications