അദ്വാനിയുടെയും രാജ്നാഥിന്റെയും യാത്രകള്‍ ഏപ്രില്‍ ആറ് മുതല്‍
ദില്ലി: ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയും രാജ്നാഥ്സിംഗും നയിക്കുന്ന ദേശീയോദ്ഗ്രഥന യാത്രകള്‍ ഏപ്രില്‍ ആറിന് തുടങ്ങും. അദ്വാനി നയിക്കുന്ന യാത്ര ഗുജറാത്തിലെ ദ്വാരകയില്‍ നിന്നും രാജ്നാഥിന്റെ നേതൃത്വത്തിലുള്ള യാത്ര ഒറീസയിലെ പുരിയില്‍ നിന്നുമാണ് പുറപ്പെടുക.
17 സംസ്ഥാനങ്ങളിലായി 10,800 കിലോമീറ്റര്‍ പിന്നിട്ട് മെയ് 10ന് ദില്ലിയില്‍ യാത്രകള്‍ സമാപിക്കുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു അറിയിച്ചു.
ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അദ്വാനിയുടെ യാത്ര കടന്നുപോവുക. 26 ദിവസങ്ങള്‍ക്കുള്ളില്‍ 5,800 കിലോമീറ്റര്‍ പിന്നിടും.
ഒറീസ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളിലൂടെ രാജ്നാഥ്സിംഗിന്റെ യാത്ര കടന്നുപോവും. 24 ദിവസങ്ങള്‍ക്കുള്ളില്‍ 5,000 കിലോമീറ്റര്‍ പിന്നിടും.
ചത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ദില്ലി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുനേതാക്കളും യാത്ര നടത്തുന്നുണ്ട്. യാത്ര തുടങ്ങി 35 ദിവസത്തിനു ശേഷമാണ് സമാപിക്കുന്നത്.
ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരള, തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഇരുനേതാക്കളും ഇടയ്ക്ക് യാത്ര നിര്‍ത്തിവയ്ക്കും.












Click it and Unblock the Notifications