കള്ളക്കഥകള്‍ പാര്‍ട്ടിയെ ബാധിക്കില്ല: പാലൊളി
തിരുവനന്തപുരം: യുഡിഎഫും ചില മാധ്യമങ്ങളും ആസൂത്രിതമായി സിപിഎമ്മിനെതിരെ കള്ളക്കഥകള്‍ ചമയ്ക്കുകയാണെന്നും അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.
മാധ്യമങ്ങള്‍ പറയുന്നതു പോലുള്ള പ്രശ്നങ്ങളൊന്നും സിപിഎമ്മില്‍ ഇല്ല. നിര്‍ണായക ഘട്ടങ്ങളില്‍ ഇതിന് മുമ്പും പാര്‍ട്ടിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അതിജീവിച്ചാണ് സിപിഎം ഇതുവരെ എത്തിയത്- പാലൊളി പറഞ്ഞു. ഇടതുമുന്നണി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ടുണ്ടായ പല വാര്‍ത്തകളും ശരിയല്ല. വി.എസിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് പോളിറ്റ് ബ്യൂറോയാണ്. പാര്‍ലമെന്ററി രംഗത്തുള്ളവരെ സംഘടനയിലേക്ക് സജീവമാക്കാനായിരുന്നു ഇത്.
ഈ പ്രശ്നത്തില്‍ പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയവര്‍ക്കു സിപിഎമ്മുമായി ബന്ധമില്ല. ഇത്തരം കാര്യങ്ങളോട് കൃത്യസമയത്ത് വി.എസ് പ്രതികരിക്കും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ ആരെയും ഇതുവരെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിട്ടില്ല. ഇത്തവണയും അതുണ്ടാകില്ല. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിച്ച മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications