പോളിറ്റ് ബ്യൂറോ തീരുമാനത്തില്‍ മാറ്റമില്ല
ദില്ലി: വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനത്തില്‍ മാറ്റമില്ല. ചൊവ്വാഴ്ച ദില്ലിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം വി.എസ് പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടിലെത്തുകയായിരുന്നു.
മാര്‍ച്ച് 24 വെള്ളിയാഴ്ച സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങളില്‍ നിര്‍ദേശം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിബി യോഗത്തിനു ശേഷം പറഞ്ഞു.
പാര്‍ട്ടി തീരുമാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കുമെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും പറഞ്ഞ കാരാട്ട് വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി പ്രത്യേകിച്ചൊന്നും പറയാന്‍ തയ്യാറായില്ല. എല്‍ഡിഎഫിനെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിനായി വേണ്ടതു ചെയ്യാന്‍ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് കാരാട്ടിന് പുറമെ പിബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ളയും സീതാറാം യെച്ചൂരിയും സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും. വി.എസ് പക്ഷത്തെ അനുനയിപ്പിക്കുന്ന ചില നടപടികള്‍ കൈകൊള്ളാനും പിബി യോഗം തീരുമാനിച്ചുവെന്നാണ് അറിയുന്നത്.
ഏഴ് മണിക്കൂര്‍ നീണ്ട യോഗത്തിനിടെ വി.എസിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി ഒരു സംഘം യോഗം നടക്കുന്ന എ.കെ.ജി ഭവനിലേക്ക് പ്രകടനം നടത്തി. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് യോഗത്തിനു ശേഷം പ്രകാശ് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications