പിബി തീരുമാനം അന്തിമം: പിണറായി
കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്നത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം അന്തിമമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പിബിയുടെ തീരുമാനം ശക്തമായി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 22 ബുധനാഴ്ച കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള പ്രാരംഭ ചര്‍ച്ച കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കും- പിണറായി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ മുഴുവനും ചോര്‍ന്നുവെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ട്. അന്വേഷണം തെറ്റിക്കാന്‍ സര്‍ക്കാര്‍ നേതൃത്വം ഇടപെട്ടു എന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാവല്‍ സര്‍ക്കാരായി തുടരാനുള്ള അര്‍ഹതപോലും സര്‍ക്കാരിന് നഷ്ടപ്പെട്ടിരിക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലിരുന്നുകൊണ്ട് കേസ് അന്വേഷണം നടത്തിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച.