സോണിയാഗാന്ധി എംപി സ്ഥാനം രാജിവച്ചു
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എംപി സ്ഥാനവും ദേശീയ ഉപദേശക സമിതി അധ്യക്ഷസ്ഥാനവും രാജിവച്ചു. റായ്ബറേലിയില്‍ നിന്നും താന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നും സോണിയ വ്യക്തമാക്കി.
എംപിയായിരിക്കെ പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുവെന്നതിന്റെ പേരില്‍ സോണിയയ്ക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.
ജനപഥ് 10ല്‍ വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് സോണിയ ഇരുപദവികളും ഒഴിയുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി തന്നെ സംരക്ഷിക്കാന്‍ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും ഉപയോഗിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും സോണിയ പറഞ്ഞു.
റായ്ബറേലിയിലെ ജനങ്ങളില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും തന്റെ വികാരം രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ മനസിലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.
സോണിയയുടെ രാജി തീരുമാനമറിഞ്ഞ് അവരുടെ വസതിക്കു പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.












Click it and Unblock the Notifications