ടി.എം. ജേക്കബിന്റെ കോലം കത്തിച്ചു
കൊച്ചി: ഇന്ദിരാ കോണ്‍ഗ്രസ് അംഗം ടി. എം. ജേക്കബിനെ പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധം.
പിറവത്തിന് പുറമേ മൂവാറ്റുപുഴയിലും ഡിഐസി (കെ) സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. പ്രതിഷേധം, ജേക്കബിന്റെ കോലം കത്തിയ്ക്കുന്നതില്‍ വരെയെത്തി.
കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യാണ് പിറവത്ത് ജേക്കബിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്.
കോണ്‍ഗ്രസ് ഹൗസില്‍ കൂടിയ നിയോജകമണ്ഡലം സമിതിയോഗം പിറവത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് തവണയും യുഡിഎഫ് സ്ഥനാര്‍ത്ഥിയായി പിറവത്ത് മത്സരിച്ച് ജയിച്ച ജേക്കബ്, പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ച കാര്യം യോഗം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കാതെ ഇക്കാലമത്രയും പ്രവര്‍ത്തിച്ച ജേക്കബിനെ ഇനിയും അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റിനും മുഖ്യമന്ത്രിക്കും യൂത്ത് കോണ്‍ഗ്രസ് സന്ദേശം അയച്ചിട്ടുണ്ട്.
മൂവാറ്റുപുഴ മണ്ഡലത്തില്‍ യുഡിഎഫ് ബാനറില്‍ ഡിഐസി സ്ഥാനാര്‍ത്ഥി ജോണി നെല്ലൂരിനെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 31 പേര്‍ എഴുതി ഒപ്പിട്ടു നിവേദനം കെ.പി.സി.സി. പ്രസിഡന്റ്, മുഖ്യമന്ത്രി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വീരപ്പമൊയ്ലി എന്നിവര്‍ക്കു നല്‍കി. ജോണി നെല്ലൂര്‍ ഒഴികെ ആരെയും അംഗീകരിക്കുമെന്നും നിവേദനത്തില്‍ പറയുന്നു. ജോണി നെല്ലൂരിനെ സ്ഥനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും നിവേദനത്തിലുണ്ട്.












Click it and Unblock the Notifications