രാമക്ഷേത്രം: വെങ്കയ്യ അട്ടിമറിച്ചെന്ന് ഉമാഭാരതി
ലണ്ടന്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമങ്ങളെ വെങ്കയ്യ നായിഡു ഉള്‍പ്പെടെ ചില ബിജെപി നേതാക്കള്‍ അട്ടിമറിച്ചുവെന്ന് ഉമാഭാരതി.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച് എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ഗൗരവമേറിയ ചര്‍ച്ച നടന്നിരുന്നതായി ഉമാഭാരതി വ്യക്തമാക്കി. പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി രാമക്ഷേത്ര നിര്‍മാണത്തിന്റെ ചുമതല തന്നെയും അരുണ്‍ ജെറ്റ്ലിയെയും ഏല്പിച്ചിരുന്നതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് വിഎച്ച്പിയെ ഈ സംരംഭവുമായി ബന്ധപ്പെടുത്താന്‍ താത്പര്യമില്ലായിരുന്നു. അത്തരക്കാരുടെ ഇടപെടല്‍ ഈ സംരംഭം കൂടുതല്‍ സങ്കീര്‍ണമാകാനും കാലതാമസം വരുന്നതിനും ഇടയാക്കി.
ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം വെളിപ്പെടുത്തിയത്. തര്‍ക്കഭൂമിയല്ലാത്ത രാമന്റെ ജന്മസ്ഥലം രാമജന്മഭൂമി ന്യാസിന് കൈമാറാനായിരുന്നു നീക്കം. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് ഈ സ്ഥലമെന്നതിനാല്‍ അതിന് പ്രശ്നമില്ലായിരുന്നു.
എന്നാല്‍ 2003 നവംബറില്‍ നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം അപ്പോഴത്തെ ബിജെപി പ്രസിഡന്റായിരുന്ന വെങ്കയ്യ നായിഡുവിന്റെ മികവിലാണെന്ന തെറ്റായ ധാരണ ഉണ്ടായി. അതോടെ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎക്ക് അധികാരത്തിലെത്താനാവുമെന്നും രാമക്ഷേത്ര നിര്‍മാണം പിന്നീട് അജണ്ടയില്‍ ഉള്‍പ്പെടുത്താമെന്നുമുള്ള ആശയം വെങ്കയ്യയും രണ്ടു മൂന്നു മറ്റു നേതാക്കളും കൊണ്ടുവന്നു. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള അത്യാഗ്രഹത്തില്‍ തന്നെ പോലുള്ളവരുടെ എതിര്‍പ്പുണ്ടായിട്ടും രാമക്ഷേത്ര നിര്‍മാണ സംരംഭം അവര്‍ ഉപേക്ഷിച്ചു. തങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം അവര്‍ ഉപേക്ഷിച്ചു- ഉമ വ്യക്തമാക്കി.












Click it and Unblock the Notifications