യൂണിവേഴ്സല്‍ എമ്പയര്‍ 1750 കോടി നിക്ഷേപം നടത്തും
കൊച്ചി: കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ എമ്പയര്‍ ഗ്രൂപ്പ് 1750 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്തും വിനോദസഞ്ചാര രംഗത്തും പുതിയ പദ്ധതികള്‍ ആരംഭിക്കുന്ന കമ്പനിക്ക് ഒരു എയര്‍ലൈന്‍സ് ആരംഭിക്കാനും പദ്ധതിയുണ്ട്.
സൂര്യ എയര്‍ എന്ന പേരില്‍ ഗള്‍ഫിലേക്ക് പുതിയ വിമാനസര്‍വീസ് തുടങ്ങുമെന്ന് യൂണിവേഴ്സല്‍ എമ്പയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍ നായരും ഡയറക്ടര്‍ പി.വി.വിവേകാനന്ദും അറിയിച്ചു. ഒക്ടോബറില്‍ തുടങ്ങുന്ന എയര്‍ലൈന്‍സിന് 150 കോടി രൂപയാണ് നിക്ഷേപം നടത്തുന്നത്. നേപ്പാളിലെ ബുദ്ധ എയറുമായി സഹകരിച്ചാവും ഈ കമ്പനി ആരംഭിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ എമ്പയര്‍ ഗ്രൂപ്പ് 300 കോടി രൂപയുടെ ടൂറിസം പദ്ധതി ആരംഭിക്കും. ഇക്കോ റിസോര്‍ട്ട്, കണ്‍വെന്‍ഷന്‍ സെന്റര്‍, ഗോള്‍ഫ് കോഴ്സ് തുടങ്ങിയവ ഉള്‍പ്പെട്ടവയായിരിക്കും ഈ വിനോദസഞ്ചാര കേന്ദ്രം.
ആഗോള സര്‍വകലാശാല സ്ഥാപിക്കുന്നതിനായി ഗോവ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഗോവയുടെ തലസ്ഥാനമായ പണാജിക്ക് സമീപം 700 ഏക്കര്‍ സ്ഥലത്താണ് ഈ പദ്ധതി ആരംഭിക്കുന്നത്.
മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ഗ്രൂപ്പ് 300 കോടി രൂപ നിക്ഷേപം നടത്തും. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജുകളില്ലാത്ത സംസ്ഥാനങ്ങളില്‍ ആയിരിക്കും ഇത്. ഒരു ജലസേചന പദ്ധതി സ്ഥാപിക്കുന്നതിനായി ഗ്രൂപ്പ് അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.












Click it and Unblock the Notifications