കെ.എം.മാണിക്ക് ലോകായുക്ത നോട്ടീസയച്ചു
തിരുവനന്തപുരം: റവന്യൂ മന്ത്രി കെ.എം.മാണിക്കെതിരെ ലോകായുക്ത നോട്ടീസ് നല്‍കി. കെ.എം.മാണിയ്ക്കെതിരായ തൊടുപുഴയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതിലെ അഴിമതി സംബന്ധിച്ച കേസ് ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.
കെ.എം.മാണിക്ക് പുറമേ ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍, സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്. കെ.എസ്.ശ്രീധരന്‍, എന്‍.കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ റവന്യൂ ടവര്‍ കെട്ടിടത്തിന്റെ സിവില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 17 കോടി രൂപയുടെ കരാര്‍ നല്‍കി എന്നാണ് കേസ്.
റവന്യൂ ടവര്‍ നിര്‍മ്മാണത്തില്‍ ഏഴ് കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി കുരിശുംമൂട് കാഞ്ചിക്കല്‍ വീട്ടില്‍ ജെറാള്‍ഡ് മാത്യുവാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ലോകായുക്ത പരിഗണിച്ച് മന്ത്രിക്ക് നോട്ടീസ് അയച്ചത്.












Click it and Unblock the Notifications