Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ രണ്ട് സ്ഥാനാര്‍ത്ഥികളും ക്രച്ചസില്‍

തിരുവനന്തപുരം: ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിയ്ക്കുന്ന നിയോജക മണ്ഡലമാണ് പുതുപ്പള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിയ്ക്കുന്നത് തന്നെയാണ് ഇതിന് കാരണം. പല തിരഞ്ഞെടുപ്പുകളായി ഉമ്മന്‍ ചാണ്ടി സ്ഥിരമായി മത്സരിയ്ക്കുന്ന ഈ മണ്ഡലം ഉമ്മന്‍ചാണ്ടിയ്ക്ക് സ്വന്തം മണ്ണാണ്.

എന്നാല്‍ ഇക്കുറി അതിലേറെ വിചിത്രമായ ഒരു കാര്യം കൂടിയുണ്ട് ഈ മണ്ഡലത്തിന്. രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികളും വോട്ടുചോദിയ്ക്കാന്‍ എത്തുന്നത് ക്രച്ചസിലാണ്. ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ്) യ്ക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിന്ധു ജോയി (സിപിഎം) യും സ്വതന്ത്രമായി നടക്കാന്‍ കഴിയില്ല. ഇരുവരും ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

ഈയിടെ സ്വറ്റ്സര്‍ലണ്ടിലെ ദാവോസില്‍ പോയപ്പോള്‍ മഞ്ഞില്‍ തെന്നി വീണ് ഉമ്മന്‍ ചാണ്ടിയ്ക്ക് അരക്കെട്ടിന് പരിക്കേറ്റു. തുടര്‍ന്ന് നടക്കാന്‍ കഴിയാതെ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ക്രച്ചസിന്റെ സഹായത്തോടെ നടക്കാന്‍ തുടങ്ങിയിട്ട് ഏറെയായില്ല. എന്നാല്‍ സിന്ധുവിന്റെ കാര്യം ഇതല്ല. ഒരു വിദ്യാര്‍ത്ഥി സമരം നയിയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസ് ഉതിര്‍ത്ത ഒരു ഷെല്‍ പൊട്ടിയാണ് കാലിന് പരിക്കേറ്റത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. എന്തായാലും സിന്ധുവും ക്രച്ചസില്‍ തന്നെ.

വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കേസില്‍ 14 ദിവസം ജുഡീഷ്യല്‍ റിമാന്റിലായിരുന്നു സിന്ധു. അഞ്ച് കേസുകളിലാണ് കോടതി സിന്ധുവിനെ ജുഡീഷ്യല്‍ റിമാന്റില്‍ വച്ചത്. തുടര്‍ന്ന് ഈ കേസുകളില്‍ ജാമ്യം നേടിയെങ്കിലും ജയിലില്‍ നിന്ന് സിന്ധുവിന് പുറത്തിറങ്ങാനായില്ല. പുതിയ കേസുകളില്‍ വാറണ്ടുകള്‍ ഉണ്ടായിരുന്നതിനാലായിരുന്നു ഇത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കേണ്ട ദിവസംമായിരുന്നു സിന്ധുവിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായത്. അതുകൊണ്ട് ജയിലില്‍ വച്ചായിരുന്നു പത്രിക സമര്‍പ്പിച്ചത്.

ഈകേസുകളൊക്കെ തിരഞ്ഞെടുപ്പ് തന്ത്രമാക്കാനാണ് സിന്ധുവിന്റ്രെ ശ്രമം. തനിയ്ക്കെതിരെ പഴയ കേസുകളൊക്കെ പൊടിതട്ടിയെടുത്ത് പ്രശ്നമാക്കിയത് പുതുപ്പള്ളിയില്‍ മത്സരിയ്ക്കാന്‍ ഉദ്ദേശിച്ചതുകൊണ്ടായിരുന്നെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുകയാണ് സിന്ധു. ജയിലില്‍ നിന്ന് തന്നെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് ഈ വസ്തുതകള്‍ കാണിച്ച് സിന്ധു തുറന്ന കത്തെഴുതിയിരുന്നു. പൊലീസിന്റെ ഗ്രനേഡുകൊണ്ട് തന്റെ കാലിന് തകരാറുണ്ടായതെന്നതും പ്രചരണായുധമാക്കുകയാണ് സിന്ധു.

അച്ഛനും അമ്മയും നഷ്ടപ്പെട്ട തന്നെപ്പോലൊരു പെണ്‍കുട്ടിയുടെ ദൈന്യാവസ്ഥ മുഖ്യമന്ത്രിയായിരിയ്ക്കുന്ന ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമായിരുന്നു. കെ എസ് യു പ്രവര്‍ത്തകയായ ഉമ്മന്‍ ചാണ്ടിയുടെ മകളായ അച്ചു ഉമ്മന് സമാനയാണ് താനും. ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തക. എന്തുകൊണ്ട് തന്നെ ജയിലലയ്ക്കാനായി വാദിയ്ക്കാന് വക്കീലിനെ ഏര്‍പ്പെടുത്തിയപ്പോള്‍ സ്വന്തം മകളെ ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചില്ല. വികാരവതിയായി സിന്ധു ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഉന്നം വയ്ക്കുന്നത് ജനങ്ങളുടെ സഹതാപ വോട്ടാണ്.

എന്നാല്‍ സിന്ധുവിനെതിരെ കൊണ്ടുവന്ന പുത്തന്‍ വാറണ്ടുകളെക്കുറിച്ചൊന്നും തനിയ്ക്ക് അറിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ആണയിട്ടു പറയുന്നത്. ഈ വാറണ്ടുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടായിരുന്നോ എന്ന് അന്വേഷിയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

കേരളത്തില്‍ വികസനത്തിന്റെ ദശാബ്ദം പൂര്‍ത്തിയാക്കാന്‍ വീണ്ടും ഐക്യമുന്നണിയെ അധികാരത്തിലേറ്റാനാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്.

ഇരു നേതാക്കളും പുതുപ്പള്ളിയില്‍ യാത്ര തുടങ്ങി കഴിഞ്ഞു - ക്രച്ചസിന്റെ സഹായത്തോടെ. ശാരീരിക അസ്വാസ്ഥ്യമുള്ള ഉമ്മന്‍ചാണ്ടിയ്ക്ക് സൗകര്യമായി സഞ്ചരിയ്ക്കാനായി പ്രത്യേക സൗകര്യമുള്ള ഒരു വാന്‍ കോണ്‍ഗ്രസ് വാങ്ങികഴിഞ്ഞു. എയര്‍കണ്ടിഷന്‍ ചെയ്ത വാനില്‍ മീറ്റിഗ് നടത്താനുള്ള ചെറിയ മുറിയും ഉണ്ട്. ഉമ്മന്‍ ചാണ്ടിയ്ക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങാതെ അതിലെ പ്ലാറ്റ് ഫോമില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാം.

അതിലാണ് ഉമ്മന്‍ചാണ്ടിയുടെ പര്യടനം. എന്നാല്‍ ഇത്തരം ആടംബരങ്ങളൊന്നും സിന്ധുവിനില്ല. സാധാരണ വാഹനം തന്നെ.

മത്സരത്തിന് സിന്ധു തുടക്കക്കാരിയാണെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് നല്ല മത്സരം നല്‍കാന്‍ സിന്ധുവിന് കഴിയും.

രണ്ട് സ്ഥാനാര്‍ത്ഥികളും ക്രച്ചസിന്റെ സഹായത്തോടെയാണ് യാത്ര ചെയ്യുന്നതെങ്കിലും പ്രചരണം ക്രച്ചസിലാവാതിരിയ്ക്കാന്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+