അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 47 മരണം
കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയും താലിബാന്‍കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പോലീസുകാരും 41 താലിബാന്‍കാരും കൊല്ലപ്പെട്ടു.
സംഭവത്തില്‍ താലിബാന്‍ സംഘത്തിലെ ഏറെപ്പേര്‍ക്കു പരിക്കേറ്റതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരു ജില്ലാ പൊലീസ് ചീഫ് ഉള്‍പ്പെട്ടിട്ടുണ്ട്. കാണ്ഡഹാര്‍ നഗരത്തിന് തെക്കുപടിഞ്ഞാറുഭാഗത്ത് വെള്ളിയാഴ്ചയാണ് ദിവസം മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ നടന്നത്.
താലിബാന്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്ന പ്രദേശത്ത് യു എസ് സംയുക്ത സേന അഫ്ഗാന്‍ സേനയുടെ സഹായത്തോടെ ഹെലികോപ്ടറിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് കാണ്ഡഹാര്‍ ഗവര്‍ണര്‍ അസദുല്ല ഖാലിദ് വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ ഒമ്പത് പൊലീസുകാരും മൂന്ന് നാട്ടുകാരുമടക്കം 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു ജില്ലാ ഗവര്‍ണറും ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ 13 താലിബാന്‍ പ്രവര്‍ത്തകരെ അറസ്റുചെയ്തതായും ഖാലിദ് അറിയിച്ചു. താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഒമര്‍ വളരെക്കാലം ജീവിച്ചിരുന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.












Click it and Unblock the Notifications