സോണിയാഗാന്ധിക്ക് സ്വന്തമായി വാഹനമില്ല
റായ്ബറേലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കൈവശമുള്ളത് 20,000 രൂപ മാത്രം. ഇറ്റലിയില്‍ പാരമ്പര്യസ്വത്തായി 13 ലക്ഷം വിലയുള്ള വീടുണ്ട്.
റായ്ബറേലി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സോണിയ ഒപ്പം നല്‍കിയ സ്വത്ത് വെളിപ്പെടുത്തുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സോണിയക്ക് 21.66 ലക്ഷം വില വരുന്ന ആഭരണങ്ങളുണ്ട്. 10.49 ലക്ഷം വില വരുന്ന 2518.450 ഗ്രാം സ്വര്‍ണാഭരണങ്ങളും 11.17 ലക്ഷം വില വരുന്ന 88 കിലോഗ്രാം വെള്ളിയുമാണുള്ളത്.
മകള്‍ പ്രിയങ്കാഗാന്ധിക്ക് 5,04,394 രൂപ കടമായി നല്‍കിയിട്ടുണ്ട്. യുസിഒ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ 85,338 രൂപയുണ്ട്. അതേ ബാങ്കില്‍ സ്ഥിരനിക്ഷേപമായി 20 ലക്ഷം രൂപയുമുണ്ട്. ആര്‍ബിഐ ബോണ്ട്സില്‍ 12 ലക്ഷത്തിന്റെയും യുടിഐയില്‍ 52,800 രൂപയുടെയും നിക്ഷേപമുണ്ട്.
മാരുതി ടെക്നിക്കല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 10 ഓഹരികളും സ്വന്തമായുണ്ട്. വെസ്റേണ്‍ ഇന്ത്യാ ടാനെറീസിന്റെ 500 ഓഹരികളും കൈവശമുണ്ട്. ഇവയുടെ മൂല്യം സ്വത്തുവെളിപ്പെടുത്തുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications