പ്രമോദ് മഹാജന്റെ നില ഗുരുതരം
മുംബൈ: സഹോദരനില്‍ നിന്നും വെടിയേറ്റ ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നില ഗുരുതരമായി തുടരുന്നു. വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹിന്ദുജ ആശുപത്രിയില്‍ അദ്ദേഹത്തെ നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെടിയുണ്ടകള്‍ പാങ്ക്രിയാസിനും കരളിനും ശ്വാസകോശത്തിനും ക്ഷതമേല്പിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തിന് 40 കുപ്പി രക്തമാണ് നല്‍കിയത്. അടുത്ത 48 മണിക്കൂര്‍ മഹാജന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന് പ്രമേഹരോഗമുള്ളത് നില കൂടുതല്‍ വഷളാകാന്‍ കാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മഹാജന്റെ ദേഹത്ത് എത്ര വെടിയുണ്ടകള്‍ കൊണ്ടുവെന്നതിനെ കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. അദ്ദേഹത്തിന് മൂന്ന് വെടി കൊണ്ടുവെന്നും ഒരു വെടി ദേഹത്തിലേറ്റില്ലെന്നും പൊലീസ് പറഞ്ഞു. അതേ സമയം നാല് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊണ്ടിട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഹിന്ദുജ ആശുപത്രിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications