മഹാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു
ദില്ലി: വെടിയേറ്റ് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ 50ശതമാനം സാധ്യതയെയുള്ളുവെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അടുത്ത ശസ്ത്രക്രിയ നടത്താനും നിലമെച്ചപ്പെടുത്താനും സാധിക്കുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറും നെഞ്ചും തുളച്ചു കയറിയ രണ്ടു വെടിയുണ്ടകള്‍ മാത്രമേ ഇതേവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടുള്ളു. മഹാജന്‍ പ്രമേഹരോഗിയായതിനാലാണ് സ്ഥിതി കൂടുതല്‍ വഷളാകുന്നത്. ഇതിനകം 40 കുപ്പി രക്തം നല്‍കിയിട്ടുണ്ട്. 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
കരള്‍ പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നീ അവയവങ്ങള്‍ക്കു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കരള്‍ തീര്‍ത്തും പ്രവര്‍ത്തനരഹിതമായേക്കുമെന്നതിനാല്‍ കരള്‍ മാറ്റിവെക്കല്‍ ശത്രക്രിയ വേണ്ടി വന്നേക്കും. പക്ഷേ നിലവിലുള്ള സ്ഥിതി മെച്ചപ്പെടാതെ ശസ്ത്രിക്രിയയെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചിനു താഴെ കൊണ്ട വെടിയുണ്ടയാണ് ഡയഫ്രം തുളച്ചു കരളിന്റെ വലതുഭാഗം തകര്‍ത്തത്. കരളില്‍നിന്നുള്ള രക്തസ്രാവം കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും നിലച്ചിട്ടില്ല. വയറ്റില്‍നിന്ന് ഹൃദയത്തിലേക്കുള്ള ഇന്‍ഫീനിയര്‍ വീനക്കാവ എന്ന രക്തധമനി വെടിയുണ്ടയേറ്റു മുറിഞ്ഞിരുന്നുവെങ്കിലും ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. രക്തത്തിനുപുറമെ 80.000രൂപ വിലവരുന്ന 13 ഇന്‍ജക്ഷനുകളും മഹാജന് നല്‍കിയിട്ടുണ്ട്. ഇതേവരെ 22 ലക്ഷം രൂപയുടെ ചികിത്സയാണ് മഹാജന് നല്‍കിയിരിക്കുന്നത്.
യുദ്ധത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ചികിത്സിക്കുന്ന വിധഗ്ദ്ധരായ രണ്ട് സൈനിക ഡോക്ടര്‍മാര്‍ മഹാജന്റെ ചികിത്സക്കായി എത്തിയിട്ടുണ്ട് . കേന്ദ്രമന്ത്രി ശരദ് പവാറിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ്് ഇവരെ കൊണ്ടുവന്നിരിക്കുന്നത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മഹാജന്റെ വസതിയില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ബെല്‍ജിയന്‍ നിര്‍മിത 32ബ്രൗണിങ്ങ് റിവോള്‍വര്‍ ഉപയോഗിച്ച് അനുജന്‍ പ്രവീണ്‍ മഹാജനെ വെടിവെച്ചത്.
പിന്നീട് പോലീസില്‍ കീഴടങ്ങിയ പ്രവീണ്‍ മഹാജന്‍ തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രവീണിനു മാനസികരോഗമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും അയാളുടെ അഭീഭാഷകന്‍ അവകാശപ്പെട്ടു. എന്നാല്‍ പിന്നീടു നടത്തിയ പരിശോധനയില്‍ പ്രവീണിന് അത്തരത്തില്‍ യാതോരു വിധ തകരാറുകളുമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
രാവിലെ താനെയിലെ വീട്ടില്‍നിന്ന് മഹാജനെകാണാനെത്തിയ പ്രവീണ്‍ തോക്ക് കയ്യില്‍ കരുതിയത് സംബന്ധിച്ചും പൊലീസിന് സംശയങ്ങളുണ്ട്. ബി ജെ പിയിലെ ഉന്നതനേതാവിനെതിരെയുണ്ടായ അക്രമം പരക്കെ അമ്പരപ്പു സൃഷ്ടിച്ചു. ബിജെ പി പ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയനേതാവിനുവേണ്ടി പ്രാര്‍ത്ഥനകളും പൂജകളും നടത്തിവരികയാണ്.












Click it and Unblock the Notifications