വി.പി.സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചു
ദില്ലി: മുന്‍പ്രധാനമന്ത്രി വി. പി.സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജനമോര്‍ച്ച എന്നു പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് സമാജ്വാദി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ലോക്സഭാ എംപി രാജ് ബബ്ബാര്‍ ആയിരിക്കുമെന്നും സിംഗ് ദില്ലിയില്‍ അറിയിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപീകരിക്കപ്പെട്ട കിസാന്‍ മോര്‍ച്ചയെന്ന സംഘടനയുമായി ജനമോര്‍ച്ച ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സിംഗ് വ്യക്തമാക്കി. സിംഗിന്റെ വസതിയില്‍ നടന്ന പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങില്‍ രാജ് ബബ്ബാര്‍, സിംഗിന് പിന്തുണ പ്രഖ്യാപിച്ച മറ്റു ചെറിയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകര്‍, കാര്‍ഷികത്തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കിസാന്‍ മോര്‍ച്ച തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തങ്ങളുടെ പ്രതിനിധിയെ അയക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ സമ്മേളനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയില്‍ കിസാന്‍മോര്‍ച്ചയും ഉള്‍പ്പെടും. കിസാന്‍ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ ജനമോര്‍ച്ചയുടെ കണ്‍വീനറായി ചുമതലയേല്‍ക്കും.
തങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന പാര്‍ട്ടികളോടെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്നും സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications