യുഡിഎഫ് മുന്നേറ്റമുണ്ടാകും: ആന്റണി
കൊച്ചി: ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ആറു ജില്ലകളില്‍ നാലിലും യുഡിഎഫിന്റെ വന്‍മുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള നാല് ജില്ലകളും യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്.അച്യുതാനന്ദന്റെയും ഉമ്മന്‍ചാണ്ടിയുടെയും വികസന നിലപാടുകളായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുക. നവീകരണത്തിന്റെയും മാറ്റത്തിന്റെയും മുന്നണി പോരാളികളാവാന്‍ വി.എസിന് കഴിയില്ല. അദ്ദേഹം ഇപ്പോഴും പഴയ കാലത്തിന്റെ തടവറയിലാണ്. കേരളം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ഉമ്മന്‍ചാണ്ടി മാറ്റത്തിന്റെ നേതാവാണ്.
കേരളത്തിലെ ഈ മാറ്റം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും യുഡിഎഫിന് ലഭിക്കും. വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം മൂലം ചില എല്‍ഡിഎഫ് നേതാക്കള്‍ അഹങ്കാരത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.
യുപിഎ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബംഗാളിലും കേരളത്തിലും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ യു.പി.എ സര്‍ക്കാരിനെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നാണ് ഇടതുപക്ഷം പറയുന്നത്.
സാമ്പത്തിക രംഗത്തെ വന്‍ കുതിച്ചുകയറ്റമാണ് ഇപ്പോഴുള്ളത്. അത് തടയാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിനാല്‍ ഇടതുപക്ഷത്തിന്റെ ഈ നീക്കത്തെ തടയാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം. കേരളത്തെ ഒരുപാട് സഹായിച്ച സര്‍ക്കാരാണ് യു.പി.എ സര്‍ക്കാരെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications