കുഴല്‍ക്കിണറില്‍ വീണ് കുട്ടി മരിച്ചു
കാഞ്ഞങ്ങാട്: കളിക്കുന്നതിനിടയില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. വെള്ളിയാഴ്ചപുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്തത്. ചമ്മട്ടംവട്ടത്ത് തമ്പാന്റെയും വിനോദിനിയുടെയും മകന്‍ പ്രഫുല്‍ ആണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു സമീപമുള്ള കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രഫുല്‍ കിണറില്‍ വീണത്. ജില്ലാ ആശുപത്രിക്കു സമീപം സ്വകാര്യ വ്യക്തി വിലക്കുവാങ്ങിയ സ്ഥലത്താണ് മൂന്നുദിവസം മുമ്പ് ഒരടി മാത്രം വ്യാസമുള്ള കുഴല്‍ക്കിണര്‍ കുഴിച്ചത്. കിണറിന് 80 അടിയില്‍ കൂടുതല്‍ കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനെത്തുടര്‍ന്ന് മൂടാതെ ഉപേക്ഷിച്ചതാണ് അപകടത്തിന് കാരണമായത്.
ചെമ്മട്ടം തെരുവത്തെ വാടകവീട്ടിലാണ് തമ്പാനുംകുടുംബവും താമസിക്കുന്നത്. വിനോദിനിയുടെ അമ്മ ജില്ലാ ആശുപത്രിക്കു മുന്നില്‍ കടനടത്തുന്നുണ്ട്. പ്രഫുലും ജ്യേഷ്ഠന്‍ വിശാലും ഇവിടെഎത്തിയതായിരുന്നു. മകന്‍ കുഴല്‍ക്കിണറില്‍ വീഴുന്നതുകണ്ട വിനോദിനിയുടെ നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടി. ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications