എഐഎഡിഎംകെ മന്ത്രി രാജിവച്ച് ഡിഎംകെയില്‍ ചേര്‍ന്നു
ചെന്നൈ: തമിഴ്നാട്ടിലെ സ്പോര്‍ട്സ് മന്ത്രി ആര്‍.ഇമ്പതമിഴന്‍ എഐഎഡിഎംകെയില്‍ നിന്ന് രാജിവെച്ച് ഡി എംകെയില്‍ ചേര്‍ന്നു.
ജയലളിതയുടെ പാര്‍ട്ടിയില്‍ തനിക്ക് ഒരു അടിമയുടെ സ്ഥാനം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും മന്ത്രിയായി അവര്‍ തന്നെ പരിഗണിച്ചിരുന്നില്ലെന്നും അതിനാലാണ് താന്‍ ഡി എം കെയില്‍ചേരുന്നതെന്നും അന്തരിച്ച ഡിഎംകെ നേതാവ് ആര്‍.താമരക്കനിയുടെ മകന്‍ കൂടിയായ ഇമ്പത്തമിഴന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ജയലളിത കാരണം താന്‍ തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് അകന്നു. സ്വദേശമായ ശ്രീവില്ലിപുത്തൂരില്‍ സ്വന്തം പിതാവിനെതിരെ രാഷ്ട്രീയം കളിക്കാന്‍ അവര്‍ തന്നെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായാണ് ശ്രീവില്ലിപുത്തൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പിതാവ് പുറത്തായത്. മാത്രമല്ല പിതാവിന്റെ മരണസമയത്ത് അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ പോലും ജയലളിത അനുവദിച്ചില്ല. അടിമത്തത്തില്‍നിന്ന് മോചനം നേടി പിതാവിന്റെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതില്‍ താന്‍ സന്തോഷിക്കുന്നു-മന്ത്രി പറഞ്ഞു.
ജയലളിതയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് താമരക്കനിയും ഡിഎംകെയില്‍ ചേര്‍ന്നത്. എഐഎഡിഎംകെ വിട്ട താമരക്കനി 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മകനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടതിനുശേഷമാണ് ഡിഎംകെയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications