പ്രമോദ് മഹാജന്‍ അന്തരിച്ചു
മുംബൈ: സഹോദരന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ (56) അന്തരിച്ചു.
ബുധനാഴ്ച വൈകീട്ട് 4.30ഓടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി മുതല്‍ അദ്ദേഹത്തിന്റെ നില തീര്‍ത്തും വഷളായിരുന്നു.
കരളിന്റെയും പാങ്ക്രിയാസിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മഹാജന്‍ കഴിഞ്ഞിരുന്നത്.
മഹാജന്റെ നില വഷളായതറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ മുതിര്‍ന്ന ബിജെപി നേതാക്കളും ബന്ധുക്കളും ഹിന്ദുജ ആശുപത്രിയിലെത്തിയിരുന്നു. ഒട്ടേറെ പാര്‍ട്ടിപ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.
ഏപ്രില്‍ 22നാണ് പ്രവീണ്‍ മഹാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ പ്രവീണ്‍ മഹാജന്‍ പ്രമോദ് മഹാജന്റെ വീട്ടിലെത്തി വെടിവയ്ക്കുകയായിരുന്നു. തന്നെ അവഗണിക്കുന്നതിലുള്ള വിദ്വേഷം കാരണം കൊല്ലാന്‍ വേണ്ടി തന്നെയാണ് താന്‍ സഹോദരനെ വെടിവച്ചതെന്ന് പ്രവീണ്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ബിജെപിയിലെ പ്രമുഖ രണ്ടാം തലമുറ നേതാവായ പ്രമോദ് മഹാജന്‍ പാര്‍ട്ടിയുടെ തിരഞ്ഞടുപ്പു രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications