അര്‍മേനിയന്‍ യാത്രാവിമാനം തകര്‍ന്ന് 113 മരണം
മോസ്കോ: 113 യാത്രക്കാരടങ്ങിയ അര്‍മേനിയന്‍ വിമാനം ബുധനാഴ്ച കരിങ്കടലില്‍ തകര്‍ന്നുവീണു. യാത്രക്കാരില്‍ ആരും രക്ഷപ്പെട്ടതിന്റെ സൂചനകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അര്‍മേനിയയുടെ തലസ്ഥാനമായ യരാവനില്‍നിന്നും റഷ്യയുടെ സോച്ചിയിലേക്ക് പോകുകയായിരുന്ന അര്‍മാവിയ എയര്‍ലൈന്‍സിന്റെ എ-320 വിമാനമാണ് തകര്‍ന്നത്. 11 മൃതദേഹങ്ങള്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. അപകടസ്ഥലത്തുനിന്നും 6 കിലോമീറ്റര്‍ അകലെ അഡ്ലര്‍ എയര്‍പോര്‍ട്ടിനു സമീപത്തു നിന്നും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി റഷ്യന്‍ സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.
വിമാനത്തിന് സാങ്കേതികത്തകരാറുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും പരിചയസമ്പന്നരായ ജോലിക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് റഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications