അശ്ലീല ഇ-മെയില്‍ അയച്ചതിന് സിസ്റം ഡെവലപ്പര്‍ അറസ്റില്‍
കൊല്‍ക്കത്ത: ചില സ്ത്രീകളുടെ ഇ-മെയില്‍ ബോക്സുകളിലേക്ക് അശ്ലീല ഇ-മെയിലുകള്‍ അയച്ചതിന് സോഫ്റ്റ്വേര്‍ കമ്പനിയിലെ ജീവനക്കാരന്‍ അറസ്റില്‍.
കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേര്‍ കമ്പനിയില്‍ സിസ്റം ഡെവലപ്പറായി ജോലി ചെയ്യുന്ന സുരോജിത് പട്ടേലാണ് പൊലീസിന്റെ പിടിയിലായത്. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു സന്നദ്ധ സംഘടനയുടെ ഹെല്‍പ് ലൈന്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അശ്ലീല ഇ-മെയിലുകള്‍ അയച്ചതിന് വിവരസാങ്കേതികവിദ്യാ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 2000ല്‍ രൂപീകരിച്ച ഈ നിയമ പ്രകാരം ആദ്യമായാണ് ഒരു കേസ് ഫയല്‍ ചെയ്യുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുള്ള ഒരാളാണെന്ന് ഭാവിച്ച് ഹെല്‍പ് ലൈനിലേക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുക ഇയാളുടെ പതിവായിരുന്നു. വനിതാ കൗണ്‍സിലര്‍മാരുമായി സംസാരിക്കാനാണ് ഇയാള്‍ താത്പര്യം കാണിച്ചിരുന്നത്. ഇയാളുടെ അശ്ലീല സ്വരത്തിലുള്ള സംസാരം മടുത്ത് കൗണ്‍സിലര്‍മാര്‍ ഇയാളുടെ കോളുകള്‍ ഒഴിവാക്കാന്‍ തുടങ്ങി.
തുടര്‍ന്നാണ് വനിതാ കൗണ്‍സിലര്‍മാരുടെ മെയില്‍ ബോക്സുകളിലേക്ക് ഇയാള്‍ അശ്ലീല ഇ-മെയിലുകള്‍ അയക്കാന്‍ തുടങ്ങിയത്. ഇതിനായി ഇ-മെയില്‍ വിലാസങ്ങള്‍ ഉണ്ടാക്കി അവയില്‍ നിന്നും ഇയാള്‍ ഇ-മെയിലുകള്‍ അയക്കുകയായിരുന്നു.
തന്റെ കമ്പനിയിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് ഇയാള്‍ ഇ-മെയിലുകള്‍ അയച്ചിരുന്നത്. തന്റെ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് അയച്ച ഒരു ഇ-മെയിലിന്റെ കമ്പ്യൂട്ടര്‍ കോഡ് പൊലീസിന് കണ്ടെത്താനായതോടെയാണ് ഇയാള്‍ പിടിയിലായത്.












Click it and Unblock the Notifications