പ്രവീണ്‍ മഹാജനെതിരെ കൊലക്കുറ്റം
മുംബൈ: ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ മരണത്തെത്തുടര്‍ന്ന് സഹോദരന് പ്രവീണ്‍ മഹാജനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പുപ്രകാരമാണ് പ്രവീണിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഇതു വരെ 307ാം വകുപ്പു പ്രകാരം വധശ്രമത്തിനാണ് പ്രവീണിനെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നത്. കൊലപാതക്കുറ്റം ചുമത്തപ്പെട്ടതോടെ പ്രവീണിന് ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചേക്കാമെന്ന് പൊലീസ് കമ്മിഷണര്‍ എ.എന്‍.റോയ് അറിയിച്ചു. എന്നാല്‍ ഇതേവരെ കൊലപാതകത്തിനു പിന്നിലെ പ്രേരണ എന്തെന്ന് പ്രവീണ്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല.
തന്നെ തുടര്‍ച്ചയായി അവഗണിച്ചതിനുപ്രതികാരം ചെയ്തതാണെന്നതില്‍ക്കവിഞ്ഞ് ഒരു വിവരവും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയിട്ടില്ല. സഹോദരനെ കൊല്ലണമെന്നുറപ്പിച്ചായിരുന്നു വസതിയില്‍ച്ചെന്നതെന്നും വധശ്രമത്തിനിടയില്‍ തോക്ക് കേടായതുകൊണ്ടുമാത്രമാണ് ലക്ഷ്യം നടക്കാതിരുന്നതെന്നും മഹാജന്‍ മരിക്കുന്നതിനു മുമ്പ് പ്രവീണ്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ബുധനാഴ്ച വൈകീട്ട് ജ്യേഷ്ഠന്റെ മരണവിവരമറിഞ്ഞ പ്രവീണ്‍ കൂടുതല്‍ സംസാരിക്കുകയോ ദു:ഖം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു. മഹാജന്റെ മരണത്തിന് മുമ്പ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് പ്രവീണിനെ കോടതി മെയ് 17 വരെ ജുഢീഷ്യല്‍ കസ്റഡിയില്‍ റിമാന്റു ചെയ്തുരുന്നു. ഏപ്രില്‍ 22ന് പ്രമോദ് മഹാജനെ വെടിവെച്ചതിനുശേഷം ആദ്യമായാണ് ബുധനാഴ്ച പ്രവീണിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റു ചെയ്തത്.












Click it and Unblock the Notifications