ടൈറ്റാനിക് ദുരന്തത്തിന്റെ അവസാന സാക്ഷി യാത്രയായി
ബോസ്റണ്‍: 1912ല്‍ നടന്ന ടൈറ്റാനിക് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരില്‍ അവസാനത്തെ ആളും ദുരന്തസ്മരണകളില്‍നിന്ന് എന്നെന്നേക്കുമായി യാത്രയായി. അമേരിക്കക്കാരിയായ ലില്ലിയന്‍ ജെര്‍ട്രഡ് അസ്പ്ലന്റ് (99) ആണ് മരിച്ചത്.
അസ്പ്ലന്റിന് അഞ്ച് വയസ്സുള്ളപ്പോളാണ് ടൈറ്റാനിക് ദുരന്തം സംഭവിച്ചത്. അന്ന് അസ്പ്ലന്റും അച്ഛനും, അമ്മയും നാല് സഹോദരന്മാരും ടൈറ്റാനിക്കിലെ യാത്രക്കാരായിരുന്നു. ഏപ്രില്‍ 15ന് കപ്പല്‍ മുങ്ങിയപ്പോള്‍ അച്ഛനെയും മറ്റ് മൂന്നു സഹോദരങ്ങളെയും ടൈറ്റാനിക്കിനൊപ്പം മഞ്ഞുറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നഷ്ടപ്പെട്ടു. അസ്പ്ലന്റും അമ്മ സല്‍മയും സഹോദരന്‍ ഫെലിക്സും മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ലോകത്തിനുമുന്നിലുള്ള ടൈറ്റാനിക് ദുരന്തത്തിന്റെ അവസാനത്തെ സാക്ഷിയായിരുന്നു അസ്പ്ലന്റ്. ഇതിന്റെ പേരിലുള്ള പ്രശസ്തിയെ അസ്പ്ലന്റ് ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വേദനനിറഞ്ഞ ദുരന്തസ്മരണ അസ്പ്ലന്റ് ആരുമായും അധികം പങ്കുവെക്കാറുണ്ടായിരുന്നില്ല.
ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടവരില്‍ ഇംഗ്ലണ്ടുകാരായ ബാര്‍ബറ ജോയ്സ്, എലിസബത്ത് ഗ്ലാഡിസ് എന്നിവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ദുരന്ത സമയത്ത് ബാര്‍ബറക്ക് പത്ത് മാസവും എലിസബത്തിന് രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ഓര്‍മ്മയില്‍ ദുരന്തത്തിന്റെ ചിത്രങ്ങളില്ല.
ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണില്‍നിന്ന് മൂന്നാം ക്ലാസ് ടിക്കറ്റിലാണ് അസപ്ലന്റും കുടുംബവും അന്ന് ടൈറ്റാനിക്കില്‍ യാത്രതുടങ്ങിയത്. ജന്മദേശമായ സ്വീഡനിലെ വോര്‍സ്ററിലേക്കായിരുന്നു അന്നത്തെ യാത്ര.












Click it and Unblock the Notifications