പാര്‍ലമെന്റ് സമ്മേളനം ബുധനാഴ്ച തുടങ്ങും
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ബുധനാഴ്ചയാരംഭിക്കും. ഇരു സഭകളിലുമായി നാല്പതിലേറെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും.
അന്തരിച്ച ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടായിരിക്കും സമ്മളനം ആരംഭിക്കുന്നത്. വോള്‍കര്‍ വിവാദം, യുപിഎ സര്‍ക്കാറിന്റെ വിദേശ നയം തുടങ്ങി പല പ്രധാന പ്രശ്നങ്ങളും ഉന്നയിക്കപ്പെടാനിടയുള്ള സമ്മേളനം തീര്‍ത്തും ശബ്ദമുഖരിതമായിരിക്കുമെന്ന് കരുതപ്പെടുന്നു.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം അഞ്ച് സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായ നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച പ്രതികരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വേദിയായേക്കും.ഏറ്റവും പുതിയ പ്രശ്നങ്ങളായ മെഡിക്കല്‍ മേഖലയിലെ പിന്നോക്ക വിഭാഗ സംവരണവും വഡോധര കലാപവും ചര്‍ച്ചകള്‍ക്കു വിഷയമായേക്കും. വഡോധര കലാപം മിക്കവാറും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള കനത്ത അരോപണങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയുണ്ട്.
വോള്‍ക്കര്‍ വിവാദത്തിന്മേല്‍ മുന്‍കേന്ദ്ര മന്ത്രി നട്വര്‍ സിംഗ് നടത്തിയ പ്രസ്താവനകള്‍, കശ്മീരില്‍ ഹിന്ദുക്കള്‍ വധിക്കപ്പെട്ട സംഭവം തുടങ്ങി വിവിധവിഷയങ്ങളില്‍ ബിജെപി ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയേക്കും.
പൊതുമിനിമം പരിപാടി മറികടന്നുകൊണ്ട് യുപിഎ സര്‍ക്കാറിന്റെ വിദേശനയം, വിമാനത്താവള സ്വകാര്യവത്കരണം, ചില്ലറ വിതരണ രംഗത്തെ വിദേശനിക്ഷേപം തുടങ്ങിയ പ്രശ്നങ്ങളില്‍ സര്‍ക്കാറിനെ പിന്താങ്ങുന്ന ഇടതുകക്ഷികള്‍ സഭയില്‍ ശക്തമായി പ്രതികരിച്ചേക്കും.
പ്രതിഫലം പറ്റുന്ന അന്യപദവി വിവാദത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സോണിയയുടെ രാജിക്കും ശേഷം ആദ്യമായി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം കൂടിയാണിത്.












Click it and Unblock the Notifications