98 സീറ്റോടെ എല്‍ഡിഎഫ് അധികാരത്തിലേക്ക്
തിരുവനന്തപുരം: 12-ാം കേരള നിയമസഭയില്‍ വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലേക്ക്. യുഡിഎഫിനെ നിഷ്പ്രഭമാക്കി 98 സീറ്റാണ് എല്‍ഡിഎഫ് നേടിയത്.
യുഡിഎഫിന് 41 സീറ്റുണ്ട്. ഒരു സീറ്റ് ഡിഐസിക്കാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറും എല്‍ഡിഎഫ് 40ഉം സീറ്റാണ് നേടിയത്.
തുടക്കം മുതലേ മുന്നേറ്റം നടത്തിയ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയാണ് അഞ്ചു വര്‍ഷത്തിനു ശേഷം അധികാരത്തിലെത്തുന്നത്. ഇടതുമുന്നേറ്റത്തിനിടയില്‍ യുഡിഎഫിന്റെ പല പ്രമുഖ നേതാക്കള്‍ക്കും തോല്‍വിയുടെ രുചി നുണയേണ്ടി വന്നു.
പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരന്‍, കെ ബാലകൃഷ്ണപ്പിള്ള തുടങ്ങിയ പ്രമുഖനേതാക്കള്‍ ഇടതുമുന്നേറ്റത്തിന് മുന്നില്‍ അടിയറവു പറഞ്ഞു. എം.കെ മുനീര്‍, ഇ. ടി മുഹമ്മദ് ബഷീര്‍, കെ ആര്‍ ഗൗരിയമ്മ, എം.വി രാഘവന്‍, ബാബു ദിവാകരന്‍, കടവൂര്‍ ശിവദാസന്‍, കെ.കെ രാമചന്ദ്രന്‍, പി.പി.തങ്കച്ചന്‍, ടി എം ജേക്കബ് എന്നീ യുഡിഎഫ് നേതാക്കളും തോറ്റു.
വി.എസ്.അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, എം.എം.ബേബി, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.ജെ.ചന്ദ്രചൂഡന്‍, പി.കെ.ജോസഫ്, കെ.പി.രാജേന്ദ്രന്‍ തുടങ്ങിയ ജയിച്ച പ്രമുഖ എല്‍ഡിഎഫ് നേതാക്കളാണ്.
മലപ്പുറത്തും യുഡിഎഫിന് പരമ്പരാഗതമായി മേല്‍ക്കൈയുള്ള എറണാകുളം, തൃശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്.
എല്‍ഡിഎഫിന് 49 ശതമാനവും യുഡിഎഫിന് 43 ശതമാനവും വോട്ട് ലഭിച്ചു. അഞ്ച് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. മറ്റുളവര്‍ മൂന്ന് ശതമാനം വോട്ട് നേടി.












Click it and Unblock the Notifications