മുസ്ലിം ലീഗ് കോട്ടകളില്‍ വിള്ളല്‍ വീണു
മലപ്പുറം: ഇടതുമുന്നണിക്ക് നൂറോളം സീറ്റ് കിട്ടണമെങ്കില്‍ മലപ്പുറം പോലുള്ള പരമ്പരാഗത യുഡിഎഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തണമായിരുന്നു. അതില്‍ അവര്‍ വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മലപ്പുറം ജില്ലയില്‍ നേടിയ അട്ടിമറി വിജയം എല്‍ഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനായി.
കഴിഞ്ഞ തവണ മലപ്പുറത്ത് ഒരു സീറ്റില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് ഇത്തവണ നേടിയത് അഞ്ച് സീറ്റാണ്. മങ്കട നിലനിര്‍ത്തുന്നതിനൊപ്പം കുറ്റിപ്പുറത്തും തിരൂരും ലീഗിനെ ഞെട്ടിപ്പിക്കുന്ന വിജയം നേടി. പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും വന്‍ഭൂരിപക്ഷത്തോടെ വിജയക്കൊടി നാട്ടി.
കുറ്റിപ്പുറത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെ മുട്ടുകുത്തിക്കാനായത് എല്‍ഡിഎഫിന്റെ വന്‍നേട്ടമാണ്. 8781 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.ടി.ജലീല്‍ ലീഗ് നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും നടത്തിയ പടപ്പുറപ്പാടില്‍ അട്ടിമറി വിജയം സ്വന്തമാക്കി. ഐസ്ക്രീം കേസ് വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയജീവിതത്തിലെ മറ്റൊരു കനത്ത തിരിച്ചടിയായി ഈ തോല്‍വി.
തിരൂരില്‍ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ സിപിഎമ്മിലെ പി.പി.അബ്ദുള്ളക്കുട്ടി നേടിയതും അട്ടിമറി വിജയമാണ്. 8,680 വോട്ടിനാണ് ബഷീര്‍ തോറ്റത്. മങ്കടയില്‍ മന്ത്രി എം.കെ.മുനീറിനെ തോല്പിച്ച മഞ്ഞളാംകുഴി അലി ഭൂരിപക്ഷം 5073 ആയി ഉയര്‍ത്തി.
പൊന്നാനിയില്‍ 28,347 വോട്ടിനാണ് പാലൊളി മുഹമ്മദുകുട്ടി ഡിഐസിയുടെ എം.പി.ഗംഗാധരനെ തോല്പിച്ചത്. പെരിന്തല്‍മണ്ണയില്‍ സിപിഎമ്മിലെ വി.ശശികുമാര്‍ 14,003 വോട്ടിന്റെ വന്‍ഭൂരിപക്ഷം നേടി.












Click it and Unblock the Notifications