മലക്കം മറിഞ്ഞവര്‍ക്ക് മുഖം നഷ്ടപ്പെട്ടു
തിരുവനന്തപുരം: അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ക്കിടയില്‍ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രമായി മലക്കമറിഞ്ഞ നേതാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ടു.
കൊട്ടാരക്കരയില്‍ തോറ്റ ആര്‍.ബാലകൃഷ്ണപിള്ളക്കും കൊടുവള്ളിയില്‍ തോറ്റ കെ.മുരളീധരനും മുന്നില്‍ രാഷ്ട്രീയ ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. ഇനിയും ഇവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.
യുഡിഎഫ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുകയും കൂത്തുപറമ്പ,് അഴീക്കോട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ബാലകൃഷ്ണപിള്ള പിന്നീട് എല്‍ഡിഎഫില്‍ ഇടം കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ വീണ്ടും യുഡിഎഫില്‍ തിരിച്ചെത്തുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം കൊട്ടാരക്കരയില്‍ ആദ്യമായാണ് പരാജയം നുണയുന്നത്. യുഡിഎഫ് വിജയം ഉറപ്പാണെന്ന് നിശ്ചയിച്ച ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ ഐഷാ ബീവി നേടി വിജയം ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവത്തിലേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണ്.
എല്‍ഡിഎഫ് കൂടെ കൂട്ടിയില്ലെന്നതു കൊണ്ടു മാത്രം യുഡിഎഫിനൊപ്പം പോയ ഡിഐസിക്ക് ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയപ്രസക്തി തന്നെ നഷ്ടമായിരിക്കുന്നു. കൊടുവള്ളിയില്‍ 7900ല്‍ പരം വോട്ടുകള്‍ക്ക് തോറ്റ കെ.മുരളീധരന്‍ രാഷ്ട്രീയ മലക്കം മറിച്ചിലിനിടയില്‍ ഒരിക്കല്‍ക്കൂടി മുഖമടിച്ചു വീണു. മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസ് നേതൃത്വവുമായി ഒത്തുതീര്‍പ്പ് നടത്തി വടക്കാഞ്ചേരിയില്‍ മത്സരിച്ചു തോറ്റ മുരളിക്ക് ഇത്തവണത്തെ തോല്‍വിയോടെ മുഖം തന്നെ നഷ്ടമായിരിക്കുന്നു.












Click it and Unblock the Notifications