13 ഗൗരിയമ്മക്ക് നിര്‍ഭാഗ്യ നമ്പരായി
കൊച്ചി: പതിമൂന്നാം തവണയും കേരളനയമസഭയിലെത്താനുള്ള കെ ആര്‍ ഗൗരിയമ്മയുടെ ശ്രമം വിഫലമായി. 13 നിര്‍ഭാഗ്യ നമ്പരാണെന്ന വിശ്വാസം ഗൗരിയമ്മയുടെ കാര്യത്തില്‍ ശരിയായി.
സിപിഎമ്മിലെ എ. എം.ആരിഫാണ് ഇത്തവണ അരൂരില്‍ നിന്നുമത്സരിച്ച ഗൗരിയമ്മയെ തോല്‍പ്പിച്ചത്. 4753 വോട്ടിന് ആരിഫ് നേടിയ വിജയം ഗൗരിയമ്മയുടെ വിജയത്തുടര്‍ച്ചക്ക് വിരാമം കുറിച്ചു.
കേരള രാഷ്ട്രീയത്തില്‍ മറ്റൊരു വനിതക്കും അവകാശപ്പെടാനില്ലാത്ത ഒരു പാട് വിശേഷണങ്ങള്‍ക്ക് ഉടമസ്ഥയാണ് എണ്‍പത്തിയാറുകാരിയായ ഗൗരിയമ്മ. 1957ല്‍ കേരളസംസ്ഥാനം രൂപീകരിച്ചതില്‍പ്പിന്നെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മുടങ്ങാതെ മത്സരിച്ചിട്ടുണ്ട്.
1957 ല്‍ കേരളത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കമ്മ്യൂണിസ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു ഗൗരിയമ്മ. അതാവട്ടെ ലോകത്താദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ് ഭരണകൂടമായിരുന്നു.
ഇതുവരെ മത്സരിച്ചതില്‍ ഇതിനു മുമ്പ് 1977ല്‍ മാത്രമാണ് ഗൗരിയമ്മക്ക് പരാജയം സമ്മതിക്കേണ്ടിവന്നത്. അന്നത്തെ പരാജയവും അരൂര്‍ മണ്ഡലത്തില്‍നിന്നുതന്നെയായിരുന്നു. അന്ന് അരൂര്‍ മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീനിവാസനോട് തോല്വി സമ്മതിക്കേണ്ടിവന്നു.
1994ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും അവരെ തിരഞ്ഞെടുപ്പ് ഗോദയിലെ മത്സരത്തില്‍ പുറത്താക്കാന്‍ 2006 വരെ സിപിഎമ്മിന് കാത്തിരിക്കേണ്ടിവന്നു.
ജനാധിപത്യം സംരക്ഷണ സമിതിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി ധാരണയുണ്ടാക്കിയ ഗൗരിയമ്മ 1996ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാരാജയപ്പെടുത്തി തന്നെ പുറത്താക്കിയ പാര്‍ട്ടിയോട് ഗൗരിയമ്മ മധുരമായി പകരം വീട്ടി.
1965ലാണ് ആദ്യമായി ഈ വനിതാ നേതാവ് അരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ അമ്മയായ ദേവകി കൃഷ്ണനായിരുന്നു.












Click it and Unblock the Notifications