സംവരണനിയമം: വിദ്യാര്‍ത്ഥി സമരം ശക്തിപ്പെടുന്നു
ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്കവിഭാഗ സംവരണം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തില്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും പങ്കുചേരും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ചയാണ് സമരത്തില്‍ പങ്കുചേരാന്‍ ഇവരോട് ആവശ്യപ്പെട്ടത്.
ബന്ധപ്പെട്ട് ദില്ലിയിലെ അഞ്ച് പ്രധാന മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുടെ പ്രതിനിധികളും ഞായറാഴ്ച നിരാഹാര സമരം തുടങ്ങിയതോടെ സംവരണം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി. തലസ്ഥാനത്ത് പല ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. രോഗികള്‍ ചികിത്സകിട്ടാതെ മടങ്ങുകയാണ്.
ശനിയാഴ്ച മുംബൈയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ഐ എം എ മുംബൈയിലും ദില്ലിയിലും തിങ്കളാഴ്ച സമരംനടത്തും. രാജ്യത്തെരണ്ട് വന്‍ നഗരങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളു. പ്രധാ ന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുതിര്‍ന്ന ഡോക്ടര്‍മാരെ അടിയന്തര ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. രോഗികളെ തിരച്ചയക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇതേസമയം സംവരണനയം പുനപരിശോധിക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രസഭയും പാര്‍ലമെന്റുമാണ് അന്തിമതീരുമാനം എടുക്കേണ്ടത്. പ്രശ്നം മന്ത്രിസഭാ പരിഗണനക്കായി എപ്പോള്‍ കൊണ്ടുവരണമെന്ന കാര്യം പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്കു തയ്യാറാണ്.പക്ഷേ അതിന് അനുകൂലമായി അന്തരീക്ഷം വേണം- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications