വി എസിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ കേരളമുഖ്യമന്ത്രിയാക്കാനുള്ള പൊളിറ്റ് ബ്യൂറോ നിര്‍ദേശം ഞായറാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കൂടാതെ മന്ത്രിസഭയില്‍ പ്രധാനകുപ്പുകളെല്ലാം പാര്‍ട്ടിഔദ്യോഗിക പക്ഷത്തുള്ളവര്‍ക്കു നല്‍കുമെന്നും സംസ്ഥന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്.
10 മന്ത്രിമാര്‍ സി പിഎമ്മില്‍നിന്നും മന്ത്രിസഭയില്‍ വേണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇതോടെ മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചതത്വം അകന്നു. ചര്‍ച്ചകൂടാതെയാണ് വി എസിന്റെ പേര് സെക്രട്ടേറിയറ്റ് അംഗീകരിച്ചത്. സിപിഎമ്മില്‍ നിന്നുള്ള മന്ത്രിമാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. എട്ട് സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരാകും. കൂടാതെ സംസ്ഥാന കമ്മറ്റിയില്‍നിന്നുള്ള രണ്ടാളുകളുടെ പേരും പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സംസ്ഥാനസമിതിയില്‍ തീരുമാനമുണ്ടാകും.
പാലൊളി മുഹമ്മദ് കുട്ടി , എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്‍, എന്നീവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നും മന്ത്രിസഭയിലെത്തുക. സെക്രട്ടേറിയറ്റില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ചാണ് പിണറായി പക്ഷം ഇവരെ മന്ത്രിമാരാക്കാനുളള തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റില്‍ പി കെ ഗുരുദാസന്‍, ഇ ബാലാനന്ദന്‍, എം സി ജോസഫൈന്‍ എന്നിവരൊഴികെ മറ്റുള്ളവരെല്ലാം വി എസ് വുരുദ്ധരാണ്. സംസ്ഥാന കമ്മറ്റിയില്‍നിന്നും എം വിജയകുമാര്‍, ദിനേശ് മണി, എളമരം കരിം, ജി സുധാകരന്‍ എന്നിവരുടെ പേരാണ് നിര്‍ദേശിക്കപ്പെട്ടത്.
ഒരു എം എല്‍ എമാത്രമുള്ള പാര്‍ട്ടിക്ക് മന്ത്രിസഭിയില്‍ പ്രാതിനിധ്യം ഉണ്ടാകില്ല. എന്നാല്‍ ഇടതുമുന്നണിയുമായി വളരെയടുത്ത ബന്ധമുള്ള രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. മന്ത്രിമാരെ തീരുമാനിക്കുമ്പോള്‍ ജില്ലകള്‍ക്കും സാമുദായികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവും ഉറപ്പുവരുത്തും. പ്രധാനഘടക കക്ഷികള്‍ക്ക് കൂടതല്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടോ എന്നതുസംബന്ധിച്ച് സംസ്ഥാനകമ്മറ്റിയില്‍ തീരുമാനമുണ്ടാകും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, മറ്റു പേഴ്സണല്‍ സ്റാഫ് തുടങ്ങിയ സ്ഥാനങ്ങളെക്കുറിച്ചും സ്രക്രട്ടേറിയറ്റില്‍ ചര്‍ച്ച നടന്നതായി സൂചനയുണ്ട്. തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന സമിതിക്കുമുമ്പായി പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും കേന്ദ്രകമ്മറ്റി അംഗങ്ങളുടെയും യോഗം നടക്കും. തിങ്കളാഴ്ച നടക്കുന്ന യോഗങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും.












Click it and Unblock the Notifications