സി പി ഐ മന്ത്രിമാരെ തീരുമാനിച്ചു
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഐ മന്ത്രിമാരുടെ പട്ടികക്ക് ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ എന്നിവരാണ് സിപിഐയില്‍ നിന്ന് മന്ത്രിമാരാവുക. ജോസ് ബേബിയുടെ പേരാണ് ഡപ്യൂട്ടിസ്പീക്കര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്. സാമുദായിക പരിഗണ വച്ചാണ് ജോസ് ബേബിയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചത്.
സി പി ഐ ലഭിക്കുന്ന വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. റവന്യൂ, കൃഷി, ടൂറിസം, ഭക്ഷ്യ-സിവില്‍ സര്‍വീസ് വകുപ്പുകളാണ് സി പി ഐക്ക് ലഭിക്കുക . പൊതുമരാമത്ത് വകുപ്പാണ് ജോസഫ് ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ളത്.
മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ച മാങ്കോട് രത്നാകരനെ അവസാനിമിഷം ഒഴിവാക്കുകയായിരുന്നു. പള്ളിപ്രം ബാലന്റെ പേരും മന്ത്രസ്ഥാനത്തേക്ക് പരിഗണിക്കാനായി നിര്‍ദ്ദേശം വന്നെങ്കിലും ഭൂരിപക്ഷാഭിപ്രായം മാനിച്ച് നിര്‍ദ്ദേശം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ബാലന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സി പി ഐ നേതൃത്വം വ്യക്തമാക്കി. നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും വേണമെന്ന സി പിഐയുടെ ആവശ്യം സി പി എം അംഗീകരിക്കുകയായിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് തീരുമാനിക്കപ്പെ-ട്ട സി ദിവാകരന്‍ കരുനാഗപ്പള്ളിയില്‍ നിന്നും കെ പി രാജേന്ദ്രന്‍ കൊടുങ്ങല്ലൂരില്‍ നിന്നും മുല്ലക്കല്‍ രത്നാകരന്‍ ചടയമംഗലത്തുനിന്നും ബിനോയ് വിശ്വം നാദാപുരത്തുനിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മണ്ണാര്‍ക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ജോസ് ബേബി വിജയം നേടിയത്.












Click it and Unblock the Notifications