നദീജലക്കരാറില്‍ മാറ്റം വരുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ ജലം ലഭിക്കുന്നതിനായി ആന്തര്‍സംസ്ഥാന നദീജലക്കരാറുകളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
മെയ് 19 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനാവശ്യമായ ജലം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എന്നാലത് സംസ്ഥാനത്തിന് ദോഷം വരുന്ന തരത്തിലായിരിക്കില്ലെന്നും വി എസ് വ്യക്തമാക്കി.
പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ശനിയാഴ്ച പ്രഖ്യാപിക്കും. വിജിലന്‍സ് വകുപ്പ് സംബന്ധിച്ച് താന്‍ പോളിറ്റ് ബ്യൂറോയില്‍ പരാതിനല്‍കിയിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല- മുഖ്യമന്ത്രി പറഞ്ഞു.
ഉപാധികളോടുകൂടിയ ഒരു വായ്പയും സംസ്ഥാനം സ്വീകരിക്കില്ല. കിളിരൂര്‍ പെണ്‍വാണിഭക്കേസിലുള്‍പ്പെട്ട പ്രമുഖരെ അറിയുമെന്ന് പറഞ്ഞിട്ടില്ല. ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വനം-റവന്യൂ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും വി.എസ് വ്യക്തമാക്കി.
കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമുണ്ടായ പിഴവുകളും പോരായ്മകളും പരിഹരിച്ച് മുന്നോട്ട് പോകും. കാര്‍ഷിക, സാംസ്കാരിക, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി രംഗം എന്നീ രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളും. പെണ്‍വാണിഭക്കാര്‍ക്ക് സഹായകമായ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമ നിരോധനം മൂലം അര്‍ഹരായവര്‍ക്ക് തൊഴില്‍ കിട്ടിയില്ല. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് തന്റെ സര്‍ക്കാര്‍ വിശദമായി പഠിക്കും. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അപര്യാപ്തത സംബന്ധിച്ച് സാമുദായിക നേതാക്കളുമായും മറ്റും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
തമിഴ് നാട്ടില്‍ ജയിലില്‍ക്കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിനായി പരോളോ ജാമ്യമോ ലഭിക്കേണ്ടതുണ്ട്. കരുണാനിധി സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെട്ട് മദനിയെ മോചിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും.
കരിപ്പൂര്‍ സംഭവത്തില്‍ പത്രക്കാര്‍ക്കെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ അര്‍ഹമായ നടപടികള്‍ കൈക്കൊള്ളുമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications