125 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വോട്ട് കൂടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായി. 19 മണ്ഡലങ്ങളില്‍ 2001ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനം വോട്ട് എല്‍ഡിഎഫിന് വര്‍ധിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാജയം നേരിടേണ്ടി വന്ന കുറ്റിപ്പുറം മണ്ഡലത്തിലാണ് എല്‍ഡിഎഫിന്റെ വോട്ടില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്. 20 ശതമാനത്തിലേറെ വോട്ട് ഇവിടെ എല്‍ഡിഎഫിന് കൂടുതലായി ലഭിച്ചു. അതേ സമയം നീലലോഹിതദാസന്‍ നാടാര്‍ സ്വതന്ത്രനായി മത്സരിച്ച കോവളം മണ്ഡലത്തില്‍ എല്‍ഡിഎഫിന് 23 ശതമാനം വോട്ട് കുറഞ്ഞു. ഇവിടെ ജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടില്‍ 9.5 ശതമാനം കുറവുണ്ടായി.
മട്ടാഞ്ചേരി, കുട്ടനാട്, ചെങ്ങന്നൂര്‍, നേമം, ഇരിങ്ങാലക്കുട, പുതുപ്പള്ളി, ഹരിപ്പാട്, അടൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് വോട്ടില്‍ കാര്യമായ വര്‍ധനവുണ്ടായത്. വിമതര്‍ മത്സരിച്ച ഇടുക്കി, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ ഇരുമുന്നണികളുടെയും വോട്ടില്‍ കുറവുണ്ടായി.
ബിജെപി വിജയപ്രതീക്ഷയര്‍പ്പിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ അവരുടെ വോട്ട് കുറഞ്ഞു. അതേ സമയം ഹോസ്ദുര്‍ഗ്, ഉദുമ മണ്ഡലങ്ങളില്‍ വോട്ട് കൂടി.












Click it and Unblock the Notifications