നിയമ പരിഷ്കരണ കമ്മിഷനെ നിയമിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനായി നിയമ പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന് നിയമ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
ഇപ്പോള്‍ കേരളത്തിലുള്ള ഭൂരിപക്ഷം നിയമങ്ങളും പരിഷ്കരിക്കേണ്ടതുണ്ട്. ഇപ്പോഴുള്ള എല്ലാ നിയമങ്ങളും ഉള്‍പ്പെടുത്തി ഒരു ലീഗല്‍ ഡാറ്റാ ബാങ്ക് തുടങ്ങും. ജുഡീഷ്യറിയില്‍ പരിഷ്കാരണങ്ങള്‍ വരുത്തുന്നതിന് ചീഫ് ജസ്റിസും മുഖ്യമന്ത്രിയും നിയമ മന്ത്രിയും അംഗങ്ങളായ മോണിട്ടറിംഗ് സെല്‍ രൂപീകരിക്കും.
മെയ് 21 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനവിധിക്കു ശേഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്ലീഡര്‍മാരെ ഒഴിവാക്കും. പ്ലീഡര്‍മാരെ നിയമിക്കുന്നതില്‍ മെറിറ്റ് പ്രധാന മാനദണ്ഡമാക്കും. കേരളത്തിലെ റെയില്‍വേ വികസനത്തിന് എംപിമാരുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മാണമാണ് ഈ സര്‍ക്കാരിന്റെ വികസന അജണ്ടയിലെ ഒന്നാമത്തെ ഇനം. ഈ പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. ആലപ്പുഴ തുറമുഖം വിനോദ സഞ്ചാര തുറമുഖമായി വികസിപ്പിക്കും. ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വ്യാപാര തുറമുഖങ്ങളായി വികസിപ്പിക്കും.
സംസ്ഥാനത്ത് കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഒരു ജനകീയ സ്പോര്‍ട്സ് ബില്‍ ഉടന്‍ കൊണ്ടുവരുമെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications