അമ്പത് വികലാംഗര്‍ക്ക് മംഗല്യഭാഗ്യം
കൊച്ചി: വീല്‍ച്ചെയറിലെത്തിയ പോളിയോ ബാധിതരായ അജിത് കുമാറും ശാലിനിയുമടക്കം അമ്പത് പേര്‍ പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ് സംഘിടിപ്പിച്ച സമൂഹവിവാഹച്ചടങ്ങില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ക്കു നടുവില്‍ വരണമാല്യം ചാര്‍ത്തി.
വിവാഹിതരായവരായ അമ്പത് പേരും ഏതെങ്കിലും ഒരു തരത്തില്‍ അംഗവൈകല്യം അനുഭവിക്കുന്നവരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തിയവരാണ് വധൂവരന്മാര്‍. ഓരോരുത്തരും തങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളിലൂടെയാണ് വിവാഹിതരായതെന്ന് പ്രത്യാശയുടെ മാനേജിംഗ് ട്രസ്റി സൈമണ്‍ ജോര്‍ജ് പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന വിവാഹച്ചടങ്ങ് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പ്രത്യാശ ട്രസ്റ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. നവദമ്പതികള്‍ക്കെല്ലാം എറണാകുളം നഗരസഭ വിവാഹസമ്മാനമായി നാല് ഗ്രാം സ്വര്‍ണ്ണം വീതം നല്‍കി. കോച്ചി മേയര്‍ മേഴ്സി വില്യംസും ചടങ്ങിനെത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് വികലാംഗര്‍ മാത്രം ഉള്‍പ്പെടുന്ന ഓര്‍ക്കസ്ട്ര ട്രൂപ്പിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ട്രസ്റ് ഭാരവാഹികള്‍ അറിയിച്ചു.
ലോക വികലാംഗദിനമായ ഡിസംബര്‍ മൂന്നിന് നടത്തിയ കൂടിക്കാഴ്ച വഴിയാണ് വ്യാഴാഴ്ച വിവാഹിതരായ ഓരോരുത്തരും സ്വന്തം പങ്കാളിയെ തിരഞ്ഞെടുത്തത്. ഓരോരുത്തരുടെയും വൈകല്യത്തിനനുസരിച്ച് പങ്കാളിയെത്തിരഞ്ഞെടുക്കുകയെന്നത് വളരെ വിഷമകരമായിരുന്നുവെന്ന് പ്രത്യാശ ട്രസ്റ് ഭാരവാഹികള്‍ പറഞ്ഞു.
വിവാഹിതരായവരിലെ തൊഴില്‍ രഹിതര്‍ക്ക് ജോലിയും സ്വയം തൊഴില്‍ പദ്ധതികളും ലഭ്യമാക്കുമെന്ന് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്സ് ജാക്സണ്‍ പറഞ്ഞു.












Click it and Unblock the Notifications