വകുപ്പുകളില്‍ മാറ്റമുണ്ടായേക്കും
ദില്ലി: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ സിപിഎം പോളിറ്റ്ബ്യൂറോ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി.
പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനാണ് നിര്‍ദേശം. ഇതിനായി ജൂണ്‍ ഒന്ന്,രണ്ട് തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുമെന്നാണ് സൂചന. മൂന്ന് നാല് തീയതികളില്‍ സംസ്ഥാന സമിതിയും യോഗം ചേര്‍ന്നേക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രശ്നപരിഹാരം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
വകുപ്പ് വിഭജനം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും തീരുമാനമെടുക്കുന്നതോടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വിജിലന്‍സ് വകുപ്പ് നഷ്ടമാവാനിടയുണ്ട്. മറ്റ് ചില വകുപ്പുകളിലും മാറ്റം വന്നേക്കും.
വന്‍ ജനകീയ പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന് വകുപ്പുവിഭജനത്തിലുണ്ടായ തര്‍ക്കങ്ങള്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയതായാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍.
പി.കെ ഗുരുദാസന്‍,എസ്.ശര്‍മ്മ എന്നിവര്‍ക്ക് ഒരു വകുപ്പ് മാത്രം നല്കാനുള്ള സെക്രട്ടേറിയറ്റിന്റെ തീരുമാനത്തില്‍ പ്രകാശ് കാരാട്ട് റിപ്പോര്‍ട്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടി തീരുമാനം ലംഘിച്ച് വിജിലന്‍സ് കൈവശം വയ്ക്കാനുള്ള വി.എസ്.അച്യുതാനന്ദന്റെ തീരുമാനത്തെ പിണറായി വിജയന്‍ പിബിയില്‍ ചോദ്യം ചെയ്തു.
മന്ത്രിസഭയുടെ വലിപ്പം കൂടിയതു സംബന്ധിച്ചും പിബിയില്‍ വിമര്‍ശനമുണ്ടായി. സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം പേരും മന്ത്രിമാരായതോടെ പാര്‍ട്ടി നേതൃത്വത്തെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ക്ക് പിബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications