ഇന്ധന വില വര്‍ധനവിനെതിരെ ഇടത് സമരത്തിന്
കൊല്‍ക്കത്ത: പെട്രോളിയം വിലവര്‍ദ്ധനയടക്കം യു പി എ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളില്‍ പലതിലും ഇടതു പാര്‍ട്ടികള്‍ എതിര്‍പ്പു രേഖപ്പെടുത്തി. സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതില്‍ പ്രതിഷേധമുള്ള എല്ലാ കക്ഷികളെയും അണിനിരത്തി രാജ്യവ്യാപകമായി സമരം നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി എല്ലാ അവശ്യവസ്തുക്കളുടെയും വിലവര്‍ദ്ധിക്കാനിടയാകുമെന്നും അതുകൊണ്ടാണ് വിലവര്‍ദ്ധനയെ എതിര്‍ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. വിലവര്‍ദ്ധനക്കെതിരെ സിപിഎം സമരം പ്രഖ്യാപിക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളോടൊപ്പം ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്ത, ചെന്നൈ എന്നിവ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നീക്കത്തെയും പാര്‍ട്ടി എതിര്‍ക്കുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചു. രണ്ടുദിവസം നീണ്ട സിപിഎം പൊളിറ്റ് ബ്യൂറോ സമ്മേളനത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യു പിഎ സര്‍ക്കാറുമായി ചര്‍ച്ചചെയ്യേണ്ട പ്രധാന വിഷയങ്ങളെപ്പറ്റി ജൂണ്‍ ഒന്നിന് ദില്ലിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications