കേരളത്തില്‍ മഴക്കെടുതി രൂക്ഷമാകുന്നു
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. കനത്തമഴയെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ ആലപ്പുഴ, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിരവധി വീടുകള്‍ നശിച്ചു. പല വീടുകളും വെള്ളത്തിനടിയിലായി.
ആലപ്പുഴയില്‍ ഏകദേശം 70 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് പൂന്തുറയില്‍ അഞ്ച് വീടുകള്‍ കടലെടുത്തു. വിഴിഞ്ഞം പ്രദേശവും കടലാക്രമണഭീഷണിയിലാണ്. ജില്ലയിലെ നാല് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കടലാക്രമണ ഭീതിയെത്തുടര്‍ന്ന് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ അഞ്ഞൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചെറിയതോതില്‍ചുഴിലിക്കാറ്റും അനുഭവപ്പെട്ടിട്ടുണ്ട്. തിരുവമ്പാടിയില്‍ മലയിടിഞ്ഞതിനെത്തുടര്‍ന്ന് മൂന്നേക്കറോളം കൃഷി നശിച്ചു. വയനാട്ടില്‍ വയലുകളെല്ലാം വെള്ളത്തിനടിയിലായി.
തീരത്ത് കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. പൊന്നാനിക്കടുത്ത് പാലപ്പെട്ടി, അജ്മീര്‍ നഗര്‍, വെളിയംകോട്, തണ്ണിത്തുറ, പത്തുംമുറി എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. ഒട്ടേറെ വീടുകള്‍ കടലെടുത്തുകഴിഞ്ഞു. ഇതേവരെ ഈഭാഗത്ത് ആളപായം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.
കടല്‍ത്തീരത്തുള്ള വീടുകളില്‍ നിന്ന് വിലപിടുപ്പുള്ള ഉപകരണങ്ങളുംമറ്റും ജനങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയുണ്ടായ കാറ്റില്‍ പത്തുംമുറിയിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂര നശിച്ചതിനാല്‍ കൂടുതല്‍പ്പേര്‍ക്ക് ഇവിടെ കഴിയാന്‍ പറ്റുന്നില്ല.
കനത്തമഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ആലക്കോടിനടുത്ത് തിങ്കളാഴ്ച ഉരുള്‍പൊട്ടലുണ്ടായി. കാപ്പിമല, അപ്പച്ചിക്കാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും അപകടമില്ല.പഴശ്ശിഡാം നിറഞ്ഞ് കവിഞ്ഞതിനാല്‍ ഇരിട്ടി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെ ഒരു വീട് പൂര്‍ണമായും വെള്ളിത്തിനടിയിലായി. കാസര്‍കോട്ടെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.












Click it and Unblock the Notifications