നിഷ്പക്ഷത പാലിക്കും: സ്പീക്കര്‍
തൃശ്ശൂര്‍: സ്പീക്കര്‍മാര്‍ പ്രവൃത്തിയില്‍ നിഷ്പക്ഷരായിരിക്കണമെന്നും റഫറിയുടേതിന് സമാനമായ റോളാണ് സ്പീക്കറുടേതെന്നും സ്പീക്കര്‍ കെ. രാധാകൃഷ്ണന്. സ്പീക്കറെന്ന നിലയില്‍ നിഷ്പക്ഷത തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവൃത്തിയില്‍ നിഷ്പക്ഷത പാലിക്കുന്നതിനുവേണ്ടി സ്പീക്കര്‍മാര്‍ രാഷ്ട്രീയ വിശദീകരണയോഗങ്ങളില്നിന്നും മാറിനില്ക്കേണ്ടതുണ്ട്. എന്നാല്‍ പാര്‍ട്ടി ഓഫീസില്ക്കയറിയാല് സ്പീക്കറുടെ മാനംപോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്പീക്കര്‍മാര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പീക്കറാകുന്നതോടെ പാര്‍ട്ടിയുമായുള്ള ബന്ധം പാടില്ല എന്നില്ല- സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂരില്‍ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തിലുള്ള സങ്കുചിതത്വം മാറ്റാനുള്ള ശ്രമം സഭക്കകത്തുനിന്നു തന്നെ തുടങ്ങും. വികസനത്തെക്കുറിച്ച് സഭക്ക് പുതിയൊരു കാഴ്ചപ്പാടുണ്ടാക്കാന്‍ ശ്രമിക്കും- അദ്ദേഹം വ്യക്തമാക്കി.
സഭകൂടുന്നതുകൊണ്ട് ജനത്തിന് എന്തുനേട്ടം എന്നത് പ്രധാന കാര്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യണമെങ്കില്‍ കൂടുതല്‍ ദിവസം സഭ ചേരുകയും ചര്‍ച്ചകൊണ്ട് ജനത്തിന് നേരിട്ട് നേട്ടമുണ്ടാക്കുകയും വേണം. സഭാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉടന്‍ തുടങ്ങുമെന്നും രാധാകൃഷ്ണന് പറഞ്ഞു.