ബിജെപി നയം മാറ്റം നടത്തും
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കേറ്റ കനത്ത പരാജയത്തെ അടിസ്ഥാനമാക്കി നയവും തന്ത്രവും മാറ്റി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി വക്താവ് ബി കെ ശേഖര്‍ വ്യക്തമാക്കി.
പാര്‍ട്ടി നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കണമെന്ന് തീരുമാനിക്കുന്നതിനായി പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗം കേരളത്തില്‍ നടക്കും. വെങ്കയ്യനായിഡു, എല്‍. ഗണേശ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ നര്‍വ്വാഹക സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ശേഖര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. എസ് . ശ്രീധരന്‍ പിള്ള നിര്‍വാഹക സമിതിയില്‍ അവതരിപ്പിച്ചു.കേരളത്തിലെ കരുത്തുറ്റ രണ്ടുമുന്നണികളോടു പൊരുതി വിജയം വരിക്കുക അനായാസമല്ലെന്നതായിരുന്നു യോഗത്തിലെ വിലയിരുത്തല്‍. പരാമാവധി ശക്തമായി സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. അതിനാല്‍ നയം മാറ്റം അനിവാര്യമാണ്-ശേഖര്‍ തുടര്‍ന്നു.
തിരഞ്ഞെടുപ്പു കാലത്ത് എല്‍ ഡി എഫും യുഡിഎഫും വന്‍തോതില്‍ വോട്ട് തിരിമറി നടത്തിയിട്ടുണ്ടെന്ന് ശേഖര്‍ ആരോപിച്ചു. പെട്രോളിയം വിലവര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തെ പാര്‍ട്ടി എതിര്‍ക്കുന്നുണ്ടെന്നും വിലവര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നുമാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനം ഒഴിയും. പാര്‍ട്ടി നിയമപ്രകാരം ഒരു തവണ പ്രസിഡന്റായാല്‍ പിന്നീട് മാറിനില്‍ക്കണം. അംഗത്വ വിതരണം ജൂണ്‍ 12നാരംഭിക്കും. കാശ്മീരിലെ ഹിന്ദുമത വിശ്വാസികളെ കൊലചെയ്യുന്നതില്‍ പ്രതിഷേധിച്ച് അവിടെ ധര്‍ണനടത്താന്‍ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നൂറംഗ സംഘം ജൂണ്‍ രണ്ടിന് യാത്രതിരിക്കും- ശേഖര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications