കാലവര്‍ഷം : മരിച്ചവരുടെ എണ്ണം 32ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മൂലം മരിച്ചവരുടെ എണ്ണം 32 ആയി. ഇതുവരെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 141 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലായി വ്യാഴാഴ്ച എഴു പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 32ആയി ഉയര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞു.
എങ്കിലും മുന്‍ദിവസങ്ങളിലെ മഴയെത്തുടര്‍ന്ന് കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തില്‍ വാളൂക്ക് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. തിരുവമ്പാടിയിലും മരുതോങ്കരയിലും മണ്ണിടിച്ചിലില്‍ വ്യാപകമായി കൃഷിഭൂമി നശിച്ചിട്ടുണ്ട്.
വടകരയില്‍ മൂന്നുകിണറുകള്‍ മണ്ണിലമര്‍ന്നതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് ബേപ്പൂരുനിന്നും കടലില്‍ കാണാതായ രണ്ടുബോട്ടുകളിലെ 22 മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതായി കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാലക്കാടുജില്ലയിലും മുന്‍ദിവസങ്ങളെയപേക്ഷിച്ച് വ്യാഴാഴ്ച മഴ കുറവായിരുന്നു.
കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന 4800 കുടുംബങ്ങളിലെ 24413 പേരെ ഈ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കാലവര്‍ഷ കെടുതികള്‍ വിലയിരുത്തിയ യോഗത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.5162.45 ഹെക്ടറിലായി 22 കോടി രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 357 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ 5340 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടതു മൂലം 7.25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
കാലവര്‍ഷ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ദുരിതാശ്വാസം അര്‍ഹരായവര്‍ക്കാണ് ലഭിക്കുന്നതെന്ന് അതാത് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.കാലവര്‍ഷക്കെടുതി മൂലം ഉണ്ടായിട്ടുള്ള നഷ്ടം കണക്കാക്കി കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള വിശദാംശങ്ങളും യോഗം ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications