ഡാവിഞ്ചി കോഡ് കേരളത്തില്‍ പ്രദര്‍ശനമാരംഭിച്ചു
തിരുവനന്തപുരം: വിവാദ ചിത്രമായ ദി ഡാവിഞ്ചികോഡ് കേരളത്തിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിച്ചു.
കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ വിശ്വാസികളോട് രംഗത്ത് വരാന്‍ ആഹ്വാനം ചെയ്ത സാഹചര്യത്തിലും നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച നടത്തിയ രണ്ട് പ്രദര്‍ശനങ്ങളിലും നിറയെകാഴ്ചക്കാരുണ്ടായിരുന്നെന്നും ഞായറാഴ്ചത്തെ പ്രദര്‍ശനങ്ങള്‍ക്കായി സീറ്റുകള്‍ മുഴുവന്‍ ബുക്കുചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും വിവിധ തിയറ്ററുകളുടെ മാനേജര്‍മാര്‍ പറഞ്ഞു.
ഡാന്‍ ബ്രൗണിന്റെ നോവലും അതിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രവും ക്രിസ്തീയ വിശ്വാസത്തിനെതിരാണെന്നും പണമുണ്ടാക്കുന്നതിനുവേണ്ടി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ ആരോപണം.
കേരളത്തില്‍ 10 തിയേറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്. ക്രിസ്ത്യാനികള്‍ ഏറെയുള്ള മധ്യകേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ തിരൂരിലും പെരിന്തല്‍മണ്ണയിലും പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.
കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ദി ഡാവിഞ്ചികോഡ് എന്നചിത്രം മികച്ച ഒരു കലാസൃഷ്ടിയാണെന്നും അതിനെ ബൈബിളുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും പ്രമുഖ മലയാള സാഹിത്യകാരനായ ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications