ഇന്ധനവില വര്‍ദ്ധന : കോണ്‍ഗ്രസ്സിനും എതിര്‍പ്പ്
ദില്ലി: ഇന്ധനവില ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഭരണ പക്ഷത്തിലെ പ്രധാന ഘടകകക്ഷിയായി കോണ്‍ഗ്രസിനും എതിര്‍പ്പ്. ഇതാദ്യമായാണ് യു പി എ സര്‍ക്കാറിന്റെ ഒരു തീരുമാനത്തില്‍ കോണ്‍ഗ്രസ് പരസ്യമായി എതിര്‍പ്പു രേഖപ്പെടുത്തുന്നത്.
ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ധനവിലയുയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരുയെ യോഗം വിലയിരുത്തി. പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമദ് പട്ടേലും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ചനടത്തേണ്ടതുണ്ടെന്നം നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരങ്ങള്‍ പാര്‍ട്ടി പ്രധാനമായും കണക്കിലെടുക്കേണ്ടതുണ്ടെന്നും അതിനനുകൂലമായ മാറ്റം കേന്ദ്രതീരുമാനത്തിലുണ്ടാകേണ്ടതുണ്ടെന്നും യോഗംഅഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനത്തില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്നും പാര്‍ട്ടി മുഖ്യ പരിഗണന നല്‍കുന്ന സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകാതിരിക്കാന്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കറിനോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടുമെന്നും പാര്‍ട്ടിയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോടും പെട്രോളിയം മന്ത്രിയോടും ഇന്ധനവില ഉയര്‍ത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും എഐസിസി മാധ്യമ സെക്രട്ടറി ടോം വടക്കന്‍ അറിയിച്ചു.
ഇതിനായി സര്‍ക്കാറിനെ പുറത്തുനിന്നും പിന്തുണക്കുന്ന ഇടതുപാര്‍ട്ടികളോടൊപ്പം തന്നെ നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അത് ഇന്ധനവിലയില്‍ ചെറിയ മാറ്റം കൊണ്ടുവരാന്‍ ഉപകരിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications