കെഎസ്ഇബി ചെയര്‍മാനും ജലസേചന സെക്രട്ടറിക്കുമെതിരെ അന്വേഷണം
തൃശ്ശൂര്‍: കെ എസ് ഇ ബി ചെയര്‍മാന്‍ ടി എം മനോഹരന്‍, ജലസേചന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജെ മാത്യു എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയുടെ മറവില്‍ കേരളത്തിന്റെ വെള്ളം തമിഴ്നാടിന് മറിച്ചുനല്‍കുക വഴി വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് ഇവര്‍ക്തിെരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
ഇതേ ആരോപണവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ടി. കെ ശശി. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. ആര്‍ സൈലേശന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ രണ്ടാഴ്ച മുമ്പേതന്നെ കോടതി ഉത്തരവിട്ടിരുന്നു.
കൈക്കൂലി വാങ്ങുന്നത് ടെലിവിഷന്‍ ചാനലിലൂടെ പുറത്തായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ ശശി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജോയിന്റ് വാട്ടര്‍ റഗുലേഷന്‍ ബോര്‍ഡ് അംഗമായിരുന്ന ചീഫ് എന്‍ജിനീയര്‍ ബി. എസ്. രാധാകൃഷ്ണനെ തല്‍സ്ഥനത്തുനിന്നും മാറ്റാന്‍ ഇവരെല്ലാവരും ശ്രമിച്ചുവെന്നും പകരം യോഗ്യതയില്ലാതിരുന്നിട്ടും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആനി ഫിലിപ്പിനെ നിയമിച്ചെന്നുമാണ് ആരോപണം.
ശശിക്കെതിരെയുള്ള അഴിമതി പുറത്തുകൊണ്ടുവന്നതിനാലാണ് രാധാകൃഷ്ണനെ പുറത്താക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. പറമ്പിക്കുളം പദ്ധതിക്കുപുറമേ ഇടമലയാര്‍ പദ്ധതി, കുറ്റ്യാടി -കാരപ്പാര പദ്ധതി എന്നിവയിലും ഇവര്‍ കോടിക്കണക്കിനുരൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചതായും ആരോപണമുണ്ട്.
ചാലക്കുടിക്കടുത്തുള്ള കുറ്റിക്കാട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പി എല്‍ ജേക്കബിന്റ പരാതിയിന്മേല്‍ വിജിലന്‍സ് ജഡ്ജ് പി.ക്യു ബര്‍ക്കത്തലിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications