പെട്രോളിയം വിലവര്‍ദ്ധനയില്‍ മാറ്റമില്ല: മുരളി ദിയോറ
ദില്ലി: പെട്രോളിയം വിലവര്‍ദ്ധനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ.
വിവിധ പെട്രോളിയം സ്ഥാപനങ്ങളിലെ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് വിലവര്‍ദ്ധനയില്‍ മാറ്റം വരുത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്ന കാര്യം ദിയോറ വ്യക്തമാക്കിയത്.
യു പി എ സര്‍ക്കാറുമായും അതിലെ ഘടകക്ഷികളുമായും സര്‍ക്കാറിനെ പിന്താങ്ങുന്ന ഇടുതുപാര്‍ട്ടികളുമായും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചനടത്തിയാണ് പെട്രോളിന് 4രൂപയും ഡീസലിന് 2രൂപയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാല്‍ സാധാരണ ജനങ്ങളുടെ ദുരിതം കുറക്കുന്നതിനായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതിയില്‍ ഇളവുവരുത്തി വര്‍ദ്ധിപ്പിച്ച വിലയില്‍ കുറവുവരുത്താമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്
വിലവര്‍ദ്ധനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ദിയോറ ചൊവ്വാഴ്ച കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും വിലവര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുകയും ചെയ്തിരുന്നു.
വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് രാജ്യത്താകെ ബിജെപി ബുധനാഴ്ച രണ്ട് മണിക്കൂര്‍ ബന്ദാചരിക്കുകയും റോഡ് ,ട്രയിന്‍ ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 13ന് വ്യാപക പ്രതിഷേധം നടത്താന്‍ ഇടുതുപാര്‍ട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications