ഡിഐസി ആരുമായും കൂട്ടുകൂടില്ല: മുരളീധരന്‍
പാലക്കാട്: സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഡിഐസി(കെ) ലയിക്കില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ. മുരളീധരന്‍ . മാത്രമല്ല സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വൈകാതെ ആരംഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമാണ്. മന്ത്രിമാര്‍ സ്വന്തം വകുപ്പുകള്‍ എപ്പോഴും വിട്ടുപോയേക്കാമെന്ന ആശങ്കയിലാണ്. കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പു വഴക്കിനേക്കാള്‍ ശക്തമാണ് സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന ചേരിപ്പോരുകള്‍. മൈത്രി ഭവനപദ്ധതിയില്‍ നടന്നുവെന്നാരോപിക്കപ്പെടുന്ന അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കേണ്ടതുണ്ട്- അദ്ദേഹം തുടര്‍ന്നു.
ഇന്ധന വിലവര്‍ദ്ധനക്കെതിരെ സമരം ചെയ്യാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവകാശമില്ല. യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങിനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ സര്‍ക്കാറെടുക്കുന്ന ഏതുതീരുമാനത്തിലും കൂടെ നില്‍ക്കേണ്ടതാണ്. ഒരേ സമയം ഭരിക്കുകയും അതിനെതിരെ സമരം നടത്തുകയുമെന്ന കീഴ്വഴക്കം അനുവദനീയമല്ല-മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications