കിളിരൂര്‍ കേസ്: 9പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം
കൊച്ചി: കിളിരൂര്‍ സ്ത്രീ പീഠനക്കേസിലെ ഒന്‍പത് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സിബിഐ വ്യാഴാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഫയല്‍ ചെയ്തു. സിബിഐയുടെ ഭാഗത്തുനിന്നുള്ള 78സാക്ഷികളില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനും തോമസ് ചാണ്ടി എം എല്‍ എയും ഉള്‍പ്പെടുന്നു.
കേസില്‍ വി ഐ പികള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല കുറ്റകരമായ ഗൂഡാലോചന, കൂട്ടബലാല്‍സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനായി തട്ടിക്കൊണ്ടുപോകല്‍, കുറ്റവാളികല്‍ക്ക് അഭയം നല്‍കല്‍ തുടങ്ങി ആറ് കുറ്റങ്ങളാണ് പ്രതികളില്‍ ചുമത്തിയിട്ടുള്ളത്.
കിളിരൂര്‍ സ്വദേശി ഓമനക്കുട്ടിയാണ് പ്രധാന പ്രതി. സീരിയല്‍ നിര്‍മ്മാതാവായ ലതാ നായര്‍, കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍മാരായ മനോജ് , പ്രശാന്ത്, പ്രവീണ്‍, കോട്ടയം നാട്ടകം സ്വദേശി ബിനു, അബ്ദുള്‍ ലത്തീഫ് , വി ആര്‍ ദേവരാജന്‍, സോമനാഥന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കവിയൂരിലെ ക്ഷേത്ര പൂജാരിയായിരുന്ന നാരായണന്‍ നമ്പൂതിരിയുടെ ഭാര്യയും മൂന്ന് പെണ്‍മക്കളും 2004സപ്തംബര്‍ 28ന് ആത്മഹത്യ ചെയ്ത കേസിലും ലതാ നായര്‍ പ്രതിയാണ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സിബിഐ നേരത്തേ കുറ്റപത്രം നല്‍കിയിട്ടുള്ളത്.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കുറ്റപത്രം പരിശോധിച്ചശേഷം വിചാരണയ്ക്കായി കേസ് സിബിഐ കോടതിയിലേക്ക് അയയ്ക്കും.
ടിവി പരമ്പരയില്‍ അഭിനയിക്കാനവസരം നല്‍കാമെന്ന് പറഞ്ഞ് ഓമനക്കുട്ടിയും ലതയും ചേര്‍ന്ന് ശാരിയെ പലസ്ഥലങ്ങളിലും കൊണ്ടുപോകുകയും മറ്റു പ്രതികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും ചെയ്തുവെന്ന് സിബിഐ ആരോപിച്ചു.
പലപ്രാവശ്യം ലൈംഗിക പീഡനത്തിനിരയായ ശാരി അണുബാധമൂലമാണ് മരിച്ചതെന്നും സിബിഐ സ്ഥിരീകരിച്ചു. രക്തത്തില്‍ ക്രമാതീതമായ തോതില്‍ കോപ്പര്‍ കലര്‍ന്നതാണു മരണകാരണമെന്നു പറയുന്നുണ്ടെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്ന് മെഡിക്കല്‍ ബോര്‍ഡിന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുടലില്‍ പഴുപ്പും അണുബാധയുമേറ്റ് ഗുരുതരാവസ്ഥയിലായ ശാരി 2004 നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണമടഞ്ഞത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസാണ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പ്പിച്ചത്.












Click it and Unblock the Notifications